കടല്‍കാണാനെത്തിയ വീട്ടമ്മയ്ക്ക് പീഡനം: യുവാവ് പിടിയില്‍

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (13:18 IST)
കടല്‍ കാണാന്‍ ബന്ധുവിനും കുഞ്ഞിനുമൊപ്പം എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മത്സ്യതൊഴിലാളിയായ വെട്ടം വാക്കാട് വാലില്‍ ഹമീദ് എന്ന അമിനുള്‍ ഫാസ് എന്ന 28 കാരനാണു പൊലീസ് പിടിയിലായത്.
 
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. എട്ടു വയസുള്ള കുട്ടിയുമൊത്ത് ബന്ധുവിന്‍റെ ഓട്ടോയില്‍ കടപ്പുറത്തെത്തിയപ്പോള്‍ ഹമീദ് എത്തി താന്‍ പൊലീസാണെന്നും ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് മൊബൈല്‍ ഫോണും പഴ്സിലെ ആയിരം രൂപയും ഡ്രൈവിംഗ് ലൈസന്‍സും കൈക്കലാക്കി.
 
തുടര്‍ന്ന് ഓട്ടോയുമായി പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ പറഞ്ഞു. എന്നാല്‍ പറവണ്ണ കോളേജിനടുത്തെത്തിയപ്പോള്‍ വണ്ടി തിരിച്ചു വിടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിജന സ്ഥലത്തെത്തിയപ്പോള്‍ ബന്ധുവിനെ ഭീഷണിപ്പെടുത്തി ഓടിക്കുകയും വീട്ടമ്മയെ വിജന സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. 
 
തിരിച്ചു വീട്ടിലെത്തിയ വീട്ടമ്മ ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തിരൂര്‍ സി.ഐ പ്രദീപ് കുമാര്‍, എസ്.ഐ സുനില്‍ പുളിക്കല്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം