കടുവകള്‍ക്ക് കഷ്‌ടകാലം; ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് 74 കടുവകള്‍

Webdunia
ബുധന്‍, 29 ജൂണ്‍ 2016 (13:05 IST)
രാജ്യത്തെ കടുവകള്‍ക്ക് ഈ വര്‍ഷം കഷ്‌ടകാലത്തിന്റേതാണ്. 2016 പകുതി മാത്രം പിന്നിട്ടപ്പോഴേക്കും 74 കടുവകളാണ് രാജ്യത്താകമാനം കൊല്ലപ്പെട്ടത്. വന്യജീവിസംരക്ഷണ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരമാണ് രാജ്യത്ത് അനിയന്ത്രിതമായി കടുവകള്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ടുള്ളത്. 
 
ജൂണ്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 14 കടുവകള്‍ ഷോക്കേറ്റും വിഷ ബാധയേറ്റും വേട്ടയാടപ്പെട്ടും കൊല്ലപ്പെട്ടു. മൃഗങ്ങളുടെ ശരീരഭാഗങ്ങളുമായി പൊലീസും വനം വന്യജീവി ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്തവരില്‍ നിന്നും കണ്ടെടുത്തത് 16 കടുവകളുടെ ശരീര ഭാഗങ്ങള്‍. 26 കടുവകളെ പ്രായാധിക്യവും രോഗവും മൂലം വിവിധയിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തി. 18 കടുവകള്‍ പരസ്പരമുള്ള സംഘട്ടനത്തിനിടയിലും 12 എണ്ണം മനുഷ്യരുമായുള്ള ഏറ്റുമുട്ടലിനിടെയും മൂന്നെണ്ണം റോഡ്, ട്രെയിന്‍ അപകടത്തിലും ഒരു കടുവ മറ്റ് മൃഗങ്ങളുമായുള്ള ഏറ്റമുട്ടലിനിടയിലും കൊല്ലപ്പെട്ടു.
 
2016ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കടുവകള്‍ കൊല്ലപ്പെട്ടത് മധ്യപ്രദേശിലാണ്. 19 കടുവകളാണ് ഇവിടെ വിവിധ സാഹചര്യത്തിലായി കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതല്‍ കടുവകള്‍ വേട്ടയാടപ്പെടുന്നതും ഇവിടെ തന്നെ. ഡബ്ല്യുപിഎസ്‌ഐയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആകെ കൊല്ലപ്പെട്ടത് 91 കടുവകള്‍. ദേശീയ കടുവ സംരക്ഷണ സമിതി 2014ല്‍ നടത്തിയ സെന്‍സസ് പ്രകാരം ഇന്ത്യയിലെ കാടുകളില്‍  ആകെ 2,226 കടുവകളുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്തിരുന്നു.
Next Article