മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാളെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. സേലം സ്വദേശി സുരേഷ് (21) ആണ് പൊലീസ് പിടിയിലായത്.
തന്റേതെന്ന പേരില്‍ നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ചെന്നൈ സ്വദേശിനിയായ വിനുപ്രിയ (21) കഴിഞ്ഞദിവസം തൂങ്ങി മരിച്ചത്. താന്‍ ആര്‍ക്കും നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തിട്ടില്ലെന്നും എന്നാല്‍ തന്നെ മാതാപിതാക്കള്‍ പോലും വിശ്വസിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ വിനുപ്രിയ പറഞ്ഞിരുന്നു.
അതേസമയം, ഫേസ്ബുക്കിലെ ഫോട്ടോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ആത്മഹത്യയെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ അമിത് കൌര്‍ പറഞ്ഞു.