Thrissur Pooram: ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരം പ്രധാന വെടിക്കെട്ട് നാല് മണിക്കൂറിലേറെ വൈകി. പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് ആരംഭിച്ചത് രാവിലെ ഏഴിന്. പാറമേക്കാവ് വിഭാഗം ആദ്യം തിരികൊളുത്തി. തുടര്‍ന്ന് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്. രാവിലെ എട്ടരയോടെയാണ് ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ട് അവസാനിച്ചത്. വെടിക്കെട്ട് വൈകിയതോടെ ഇന്ന് നടക്കേണ്ട പകല്‍പ്പൂരവും ഉപചാരം ചൊല്ലിപ്പിരിയലും വൈകും.
പകല്‍ വെളിച്ചത്തില്‍ വെടിക്കെട്ട് നടത്തിയതിനാല്‍ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന അമിട്ടുകള്‍ ഇരു കൂട്ടരും പരിമിതപ്പെടുത്തി. രാത്രിപ്പൂരത്തിനിടയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇരു ദേവസ്വങ്ങളും വെടിക്കെട്ട് ഉപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയത്. പിന്നീട് റവന്യു മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും വെടിക്കെട്ട് നടത്താന്‍ ഇരു ദേവസ്വങ്ങളും സമ്മതിക്കുകയും ചെയ്തു. വെടിക്കെട്ട് വൈകിയതോടെ നിരവധി ആളുകള്‍ തൃശൂര്‍ നഗരത്തില്‍ നിന്ന് നിരാശരായി തിരിച്ചുപോയി.
രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനത്തിന്റെ തുടക്കം. ഇതോടെ പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞു പോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ച് തിരുവമ്പാടി ദേവസ്വം ശക്തമായി പ്രതിഷേധമറിയിച്ചു. പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഇരു ദേവസ്വങ്ങളും വെടിക്കെട്ട് ഉപേക്ഷിക്കുമെന്ന് വെല്ലുവിളിക്കുകയായിരുന്നു.