ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് മൂന്നരകിലോ സ്വര്‍ണ്ണം കവര്‍ന്നു

Webdunia
ഞായര്‍, 3 ജൂലൈ 2016 (17:25 IST)
സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയില്‍ നിന്ന് ജുവലറിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയ മൂന്നര കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ അക്രമികള്‍ തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കുരിയച്ചിറ പള്ളിക്കടുത്തു വച്ചായിരുന്നു ജുവലറി ജീവനക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്.
 
കുരിയച്ചിറ ജെ.വി.ഗോള്‍ഡ് എന്ന ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്ന് തലസ്ഥാന നഗരിയിലെ വിവിധ ജുവലറികളിലേക്ക് കൊണ്ടുപോകുന്നതിനായി അവിടത്തെ ജീവനക്കാരന്‍ ആന്‍റോ ബൈക്കില്‍ തൃശൂര്‍ റയില്‍വേസ്റ്റേഷനിലേക്ക് വരുകയായിരുന്നു. കാറില്‍ എത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയാണു  സ്വര്‍ണ്ണം തട്ടിയെടുത്തത്. 
 
കാലിനു പരിക്കേറ്റ ആന്‍റോയുടെ പരാതിയെ തുടര്‍ന്ന് തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ ടി.വി ക്യാമറകളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം കൊണ്ടുപോകുന്നത് അറിയാമായിരുന്ന സംഘമാവാം ആക്രമണം നടത്തിയതെന്ന് പൊലീസ് കരുതുന്നു.  
Next Article