നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന : ശിശു സംരക്ഷണ ഓഫീസർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍
തിങ്കള്‍, 20 നവം‌ബര്‍ 2023 (15:07 IST)
തൃശൂർ: സർക്കാർ ഓഫീസിലെ നെഗറ്റീവ് എനർജി പുറന്തള്ളാനായി പ്രാർത്ഥന നടത്തി എന്ന സംഭവത്തിൽ തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എ.ബിന്ദുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഓഫീസിലെ നെഗറ്റീവ് എനർജി പുറന്തള്ളി മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് ഇത് ചെയ്തത് എന്നാണു വിവരം.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നു. ഓഫീസ് സമയത്തിന് ശേഷം ഓഫീസിലെ വൈദിക വിദ്യാർത്ഥിയുടെ അഭ്യർത്ഥന പ്രകാരമാണ് ഒരു മിനിറ്റ് പ്രാർത്ഥന നടത്തിയത് എന്നാണു ഓഫീസറുടെ വിശദീകരണം.

അതെ സമയം ഓഫീസ് സമയത്ത് പ്രാർത്ഥന നടത്തി എന്നത് സംബന്ധിച്ച വിവരങ്ങളാണ് സമൂഹ മാധ്യമത്തിൽ വന്നതും വിവാദമായതും ഇതിനെ തുടർന്ന് മന്ത്രി വീണാ ജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടതും. എന്നാൽ മുമ്പ് നടന്ന സംഭവം പ്രചരിപ്പിച്ചത് ആസൂത്രിതം ആണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. നിസാരമായ പ്രാർത്ഥനയ്ക്ക് സസ്‌പെൻഷൻ പോലുള്ള കടുത്ത ശിക്ഷ നൽകിയതിനെതിരെ ശക്തമായ അമര്ഷമാണ് ജീവനക്കാർക്കിടയിൽ ഉള്ളത്.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു മികച്ച സേവനത്തിനു സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ പുരസ്കാരം ലഭിച്ച ഉദ്യോഗസ്ഥയാണ്. എന്നാൽ സംഭവം പുറത്തു വന്നയുടൻ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് സബ് കളക്ടർ കഴിഞ്ഞ ദിവസം ജീവനകകാരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ഇത് കളക്ടർക്ക് നൽകാനിരിക്കെയാണ് അഡീഷണൽ ഡയറക്ടർ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article