സുരേഷ് ഗോപിയെ മടുത്തു, ഇങ്ങനെ പോയാല്‍ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പ്; തൃശൂര്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നത

ബുധന്‍, 8 നവം‌ബര്‍ 2023 (08:13 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയുള്ള ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷ വോട്ടര്‍മാരെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് ഗിമ്മിക്കുകളായി ജനത്തിനു തോന്നി തുടങ്ങിയെന്നും ബിജെപി ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവം അടക്കം അക്കമിട്ട് നിരത്തിയാണ് ബിജെപി ജില്ലാ കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ചത്. 
 
ഈ നിലയ്ക്ക് പോയാല്‍ തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പാണെന്ന് തൃശൂരില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുന്നതു വരെ സുരേഷ് ഗോപി കുറച്ച് സംയമനം പാലിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ഉണ്ടായിരുന്ന പിന്തുണ ഇപ്പോള്‍ ഇടിഞ്ഞിട്ടുണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. സുരേഷ് ഗോപിയോടുള്ള താല്‍പര്യക്കുറവ് ജില്ലാ കമ്മിറ്റി നേതാക്കള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. 
 
അഹങ്കാരവും തന്‍ പ്രമാണിത്തവും പക്വത കുറവുമാണ് സുരേഷ് ഗോപി കാണിക്കുന്നത്. നിഷ്പക്ഷ വോട്ടര്‍മാരില്‍ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാന്‍ ഇത് തന്നെ ധാരാളം. സൂപ്പര്‍താരം എന്ന ഷെയ്ഡില്‍ നിന്ന് ഇറങ്ങിവന്ന് രാഷ്ട്രീയക്കാരെ പോലെ പക്വതയില്‍ പെരുമാറാന്‍ സുരേഷ് ഗോപി ശ്രമിക്കണമെന്ന് ജില്ലാ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. മണിപ്പൂര്‍ വിഷയത്തിലെ എടുത്തുചാടിയുള്ള പ്രതികരണം ക്രൈസ്തവ സഭകള്‍ക്കുള്ളില്‍ സുരേഷ് ഗോപിക്ക് അവമതിപ്പുണ്ടാക്കി. അല്‍പ്പം കൂടി ജാഗ്രതയോടെ പൊതുവിഷയങ്ങളില്‍ സുരേഷ് ഗോപി ഇടപെടണമെന്നും എടുത്തുചാടിയുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍