തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ 2023-24 അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ജില്ലാതല അദ്ധ്യാപക പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ വച്ച് നടന്ന എറണാകുളം ജില്ലയിലെ വിവിധ കോളേജുകള്‍ക്കുള്ള അദ്ധ്യാപക പരിശീലന പരിപാടി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ ഉത്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ റവ. സാജു എം.ഡി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. സര്‍വ്വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടിയുടെ തുടര്‍ച്ചയായിട്ടാണ് കോളേജ് അദ്ധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ആരംഭിച്ചിരിക്കുന്നത്. തുടര്‍ ദിവസങ്ങളില്‍ തൃശ്ശൂര്‍ (നവംബര്‍ 8), പാലക്കാട് (നവംബര്‍ 9), ഇടുക്കി (നവംബര്‍ 13), കോട്ടയം (നവംബര്‍ 14) എന്നീ ജില്ലകളിലെ അദ്ധ്യാപക പരിശീലന പരിപാടികള്‍ സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍, മേഴ്‌സി കോളേജ്, പാലക്കാട്, മരിയന്‍ കോളേജ്, കുട്ടിക്കാനം, സി.എം.എസ് കോളേജ്, കോട്ടയം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.