എന്തിനിങ്ങനെയൊരു തെറ്റായ വാർത്ത നൽകി? അത് പിൻവലിക്കാനുള്ള മാന്യത കാണിക്കണം - മനോരമയോട് തോമസ് ഐസക്

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (09:09 IST)
തെറ്റായ വാർത്ത ന‌ൽകിയ മനോരമയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക്. പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ധനവകുപ്പിന്റെ ശുപാര്‍ശ എന്ന മനോരമയുടെ വാർത്ത അസത്യമെന്ന് തോമസ് ഐസക് പറയുന്നു. ഈ വാര്‍ത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. ഒന്നുകില്‍ ഫയല്‍നമ്പര്‍ സഹിതം പ്രസിദ്ധീകരിച്ച് വാര്‍ത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കില്‍ വാര്‍ത്ത പിന്‍വലിക്കാനുള്ള മാന്യത കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 
ഇങ്ങനെയൊരു വാർത്തയെ കുറിച്ച് എനിക്കോ വകുപ്പിലുള്ളവർക്കോ അറിയില്ല. ഇത്തരത്തിലൊരു ഫയലോ നിര്‍ദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍നിര്‍ത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? തോമസ് ഐസക് ചോദിക്കുന്നു.
 
വകുപ്പുതല ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ ഞാൻ മുഖ്യമന്ത്രിയ്ക്ക് ഫയൽ കൈമാറി എന്നാണ് മനോരമ ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയൽ നമ്പർ മനോരമ പ്രസിദ്ധീകരിക്കണം. 
 
ഇത്തരം വാർത്തകൾ നൽകുന്നതിനു മുമ്പ് എന്റെ ഓഫീസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത ലേഖകനു കാണിക്കാമായിരുന്നു. സത്യസന്ധമായ വിവരങ്ങൾ നൽകാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ. അങ്ങനെ തന്നെയാണ് നേരത്തെയും ഇടപെട്ടിട്ടുള്ളത്. 
 
എന്നാൽ, ഇതു വളരെ മോശമായിപ്പോയി. ഒന്നുകിൽ ഫയൽ നമ്പർ സഹിതം പ്രസിദ്ധീകരിച്ച് വാർത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കിൽ വാർത്ത പിൻവലിക്കാനുള്ള മാന്യത കാണിക്കണം. - തോമസ് ഐസക് വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article