മുക്കുപണ്ടം പണയം വച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മണ്ണത്തൂര്‍ വട്ടനാംകുന്നേല്‍ സനല്‍ കുമാര്‍ (37), ആരക്കുഴ മാരിയില്‍ അനീഷ് (43) എന്നിവരാണു പൊലീസ് പിടിയിലായത്.
2014 ജൂണിലാണു കേസിലെ ഒന്നാം പ്രതി സനല്‍ തൊടുപുഴ സിറ്റി ഫൈനാന്‍സ്, എസ്.എസ്.ജെ ഫൈനാന്‍സ് എന്നിവിടങ്ങളില്‍ മുക്കുപണ്ടം പണയം വച്ചത്. അനീഷ് ആയിരുന്നു സനലിനു മുക്കുപണ്ടം നല്‍കിയത്. എന്നാല്‍ പണയ ഉരുപ്പടി കാലാവധിക്കുള്ളില്‍ തിരികെ എടുക്കാതായപ്പോള്‍ ഫൈനാന്‍സുകാര്‍ ഇത് വില്‍ക്കുകയും ചെയ്തു.
എന്നാല്‍ ഇത് വാങ്ങാനെത്തിയ ആള്‍ ഉരുപ്പടിയില്‍ സംശയം തോന്നി മുറിച്ചു നോക്കിയപ്പോഴായിരുന്നു ഇത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. മുക്കുപണ്ടം നിര്‍മ്മിച്ചു നല്‍കിയ കോതമംഗലം സ്വദേശി ബാവ എന്നയാളെ പൊലീസ് അന്വേഷിക്കുകയാണിപ്പോള്‍.
തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ അരുണ്‍ നാരായണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.