കെഎസ്‍യു സമരം: പ്രവർത്തകർ അധ്യാപകരെ കയ്യേറ്റം ചെയ്തു, തടയാനെത്തിയ പൊലീസിന് അസഭ്യ വർഷം

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (17:27 IST)
തൊടുപുഴ ന്യൂമാൻ കോളജില്‍ കെഎസ്‍യു നടത്തിയ പഠിപ്പു മുടക്കല്‍ സമരത്തില്‍ പൊലീസിനു നേരെയും അധ്യാപകർക്കു നേരെയും കയ്യേറ്റശ്രമം. കെഎസ്‍യു നേതാക്കള്‍ പ്രിൻസിപ്പലിനെയും അധ്യാപകരെയും കയ്യേറ്റം ചെയ്യുകയും സംഭവം തടയാനെത്തിയ പൊലീസുകാരെ മര്‍ദ്ദിക്കുകയും തൊപ്പി തട്ടിതെറിപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം എൻജിനീയറുംഗ് കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തിൽ ഉൾപ്പെട്ട എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കോളജുകളിലെല്ലാം ഇന്നു പഠിപ്പു മുടക്കിന് കെഎസ്‍യു ആഹ്വാനം ചെയ്തിരുന്നു.

കെഎസ്‍യുവിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം കോളജില്‍ എത്തുകയും കോളേജ്  അടച്ചിടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ കോളേജ് അടച്ചിടാന്‍ സാധ്യമല്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയതോടെ കെഎസ്‍യു പ്രവർത്തകര്‍ പ്രിൻസിപ്പലിനെയും അധ്യാപകരെയും കയ്യേറ്റം ചെയ്യുകയായിരുന്നു.

സംഘർഷത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് കോളജിലെത്തിയ പൊലീസുകാരെ കെഎസ്‍യു പ്രവർത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പൊലീസുകാരെ തള്ളി മാറ്റുകയും തൊപ്പി തട്ടിതെറിപ്പിക്കുകയും ചെയ്തു. ഇവർക്കു നേരെ അസഭ്യ വർഷവും നടത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കസ്‌റ്റഡിയിലെടുത്ത കെഎസ്‍യു പ്രവർത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. നിസാര കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.