പൊലീസുകാരിയെ തന്‍റെ ക്യാബിനില്‍ വച്ച് മാനഭംഗപ്പെടുത്തി എന്ന കേസില്‍ ബാങ്ക് മാനേജരെ കോടതി വെറുതെവിട്ടു. തൊടുപുഴ യൂണിയന്‍ ബാങ്ക് മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്മണ്ടിനെതിരെ ഡി.വൈ.എസ്.പി സുരേഷ് കുമാര്‍ ചാര്‍ജ്ജ് ചെയ്ത കേസിലാണ് തൊടുപുഴ ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ ഈ ഉത്തരവിട്ടത്.
2011 ജൂലൈ 25 ന് സ്കൂട്ടര്‍ ലോണ്‍ എടുക്കാനായി തൊടുപുഴ എ.എസ്.പി ആയിരുന്ന നിശാന്തിനിയുടെ കീഴിലുള്ള വനിതാ പൊലീസുകാരെ ബാങ്കില്‍ അയച്ചപ്പോള്‍ ബാങ്ക് മാനേജര്‍ മാനഭംഗപ്പെടുത്തി എന്നായിരുന്നു കേസ്. എന്നാല്‍ അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ ശുപാര്‍ശ ചെയ്ത ഒരു വായ്പ പുതുക്കി നല്‍കാത്തതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ബാങ്ക് മാനേജര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ ഇടയാക്കിയതെന്നും കോടതി കണ്ടെത്തി.
ജൂലൈ 26ന് ബാങ്ക് മാനേജരെ എ.എസ്.പി തന്‍റെ ഓഫീസില്‍ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും കള്ളക്കേസ് കെട്ടിച്ചമയ്ക്കുകയും ചെയ്തതായാണ് കോടതിയുടെ കണ്ടെത്തല്‍ എന്നാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.