ശബരിമല ഒഴികെയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കും

ശ്രീനു എസ്

ചൊവ്വ, 11 ഓഗസ്റ്റ് 2020 (16:52 IST)
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള  ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചു. ഇന്ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.സംസ്ഥാനത്ത് നിലനില്‍ക്കുന്ന കൊവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. 
 
ഒരു സമയം 5 പേര്‍ എന്ന നിലയില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം ക്രമീകരിക്കും.10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുമുള്ളവരെയും ഇപ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.രാവിലെ 6 മണിക്ക് മുന്‍പും വൈകുന്നേരം 6.30 മുതല്‍ 7 മണിവരെയും ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാവില്ല. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന എല്ലാപേരും മാസ്‌ക് ധരിക്കണം. ആദ്യം വരുന്നവര്‍ ആദ്യം എന്ന രീതിയില്‍ ഭക്തരുടെ പ്രവേശനം ക്രമീകരിക്കും. ദര്‍ശന സമയത്തും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമ്പോഴും ഓരോരുത്തരും  പരസ്പരം 6 അടി അകലം പാലിക്കണം.
 
 ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങളുടെയും പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും രജിസ്റ്ററില്‍ രേഖപ്പെടുത്തും.ഭക്തര്‍ക്ക് വഴിപാടുകള്‍ നടത്താം. ശ്രീകോവിലില്‍ നിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നതല്ല. പ്രസാദ വിതരണം പ്രത്യേക കൗണ്ടറുകള്‍ വഴി മാത്രമായിരിക്കും. ക്ഷേത്രക്കുളത്തില്‍ ഭക്തരെ കുളിക്കാനോ കൈകാലുകള്‍ കഴുകുന്നതിനോ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞ് ഉടനെ തന്നെ ഭക്തര്‍ പുറത്തിറങ്ങി അടുത്തയാളിന് ദര്‍ശനത്തിന് വേണ്ട സൗകര്യം ഒരുക്കണം. ഗര്‍ഭിണികളായ സ്ത്രീകള്‍, മറ്റ് തരത്തിലുള്ള രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ക്ഷേത്ര ദര്‍ശനം അനുവദിക്കുന്നതല്ലെന്നും അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍