പിണറായിക്കായി നാലു സുരക്ഷിത മണ്ഡലങ്ങള്‍ ഒരുക്കി സി പി എം

Webdunia
ശനി, 5 മാര്‍ച്ച് 2016 (11:20 IST)
സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഇത്തവണത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാലു സുരക്ഷിത മണ്ഡലങ്ങളാണു പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഈ നാലു മണ്ഡലങ്ങളും. ഇതുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് സാദ്ധ്യതാ പട്ടിക സമര്‍പ്പിച്ചതായാണു റിപ്പോര്‍ട്ട്.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മണ്ഡലമായ തലശേരി, പിണറായിയുടെ ജന്മനാടായ ധര്‍മ്മടം, 1997ല്‍ മത്സരിച്ച പയ്യന്നൂര്‍, ഇ കെ നായനാരുടെ ജന്മസ്ഥലമായ കല്യാശേരി എന്നീ മണ്ഡലങ്ങളാണ് സുരക്ഷിത മണ്ഡലങ്ങളായി പാര്‍ട്ടി കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനു കണ്ണൂരില്‍ റിക്കോഡ് ഭൂരിപക്ഷം ലഭിച്ച സീറ്റ് പയ്യന്നൂരാണ് - 32,124. പിന്നീട് കല്യാശേരിയും തുടര്‍ന്ന് തലശേരിയും ധര്‍മ്മടവുമുണ്ട്. ഇതില്‍ ധര്‍മ്മടത്ത് ഒഴികെ എല്ലാ സീറ്റിലും പാര്‍ട്ടി 20000 ലേറെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. ധര്‍മ്മടത്ത് 15,162 വോട്ടുകളുടെ ഭൂരിപക്ഷം.

ഇത്തവണ പിണറായിയെ റിക്കോഡ് ഭൂരിപക്ഷത്തിനു വിജയിപ്പിച്ച് നിയമസഭയിലേക്ക് അയയ്ക്കാനാണു ജില്ലാ കമ്മറ്റിയുടെ തീരുമാനം. എന്നാല്‍ ഏതു സീറ്റില്‍ മത്സരിക്കും എന്ന് ഇതുവരെ പിണറായി സൂചിപ്പിച്ചിട്ടില്ല.