എസ് എസ് എല്‍ സി പരീക്ഷ ഇന്ന് ഉച്ച മുതല്‍

Webdunia
ബുധന്‍, 9 മാര്‍ച്ച് 2016 (10:44 IST)
ഇത്തവണത്തെ എസ് എസ് എല് സി പരീക്ഷ ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച് മാര്‍ച്ച് 28 ന് അവസാനിക്കും. ഇക്കൊല്ലം ആകെ 4,76,373 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.

റെഗുലര്‍ വിഭാഗത്തില്‍ 4,74,267 പേരും പ്രൈവറ്റ് വിഭാഗത്തില്‍ 2,106 പേരുമാണ് പരീക്ഷ എഴുതുന്നത്. പഴയ സ്കീമില്‍ പരീക്ഷ എഴുതാന്‍ 484 വിദ്യാര്‍ത്തികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരില്‍ 2,33,034 പേര്‍ പെണ്‍കുട്ടികളും 2,41,233 പേര്‍ ആണ്‍‍കുട്ടികളുമാണ്.

ഇതില്‍ 583 പേര്‍ ഗള്‍ഫിലും 813 പേര്‍ ലക്ഷദ്വീപിലുമാണ് പരീക്ഷ എഴുതുന്നത്. ആകെ 2903 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ പരീക്ഷ എഴുതുന്ന റവന്യൂ ജില്ല മലപ്പുറമാണ് - 83,315 പേര്‍. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും - 12,451 പേര്‍.

ഇത്തവണ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്ന സ്കൂള്‍ മലപ്പുറത്തെ എടരിക്കോട് പി കെ എം എം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് - 2,347 പേര്‍. രണ്ടാം സ്ഥാനത്തുള്ളത് തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂളിനും - 1,647 പേര്‍.

എന്നാല്‍ കേവലം മൂന്ന് പേര്‍ പരീക്ഷ എഴുതുന്ന സ്കൂളുകള്‍ രണ്ടെണ്ണമുണ്ട് - പെരിഞ്ചാന്‍കുട്ടി സര്‍ക്കാര്‍ ഹൈസ്കൂളിലും ബേപ്പൂര്‍ ജി ആര് എഫ് ടി എച്ച് എസ്സിലും.