നിയമസഭാ തെരഞ്ഞെടുപ്പ്: പൂഞ്ഞാര്‍ അടക്കം നാല് സീറ്റുകള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സി പി എം തീരുമാനം

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2016 (14:41 IST)
പൂഞ്ഞാര്‍ അടക്കം നാല് സീറ്റുകള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സി പി എം തീരുമാനിച്ചു. സി പി എമ്മില്‍ ഒരു വിഭാഗത്തിന്റെ കനത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് സിറ്റിങ് എം എല്‍ എയായ പി സി ജോര്‍ജിനെ പിന്തുണയ്ക്കാതെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നത്. മുന്നണി യോഗത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

പൂഞ്ഞാര്‍ കൂടാതെ ഇടുക്കി, ചങ്ങനാശേരി, തിരുവനന്തപുരം സീറ്റുകളും ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കും. പൂഞ്ഞാറിലേക്ക് പി സി ജോസഫ്, മുന്‍ എം പി വക്കച്ചന്‍ മറ്റത്തില്‍ എന്നിവരുടെ പേരുകളാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മുന്നോട്ട് വെച്ചതെന്നാണ് സൂചന.

പൂഞ്ഞാറില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി സി ജോര്‍ജ് സ്വയം പ്രഖ്യാപിച്ചിരുന്നു. സി പി എമ്മിന്റെ പൂഞ്ഞാര്‍ അടക്കമുള്ള മണ്ഡല കമ്മറ്റികള്‍ പി സി ജോര്‍ജിന് അനുകൂലമായി വന്നെങ്കിലും പിണറായി വിജയന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ജോര്‍ജിനെ ഒഴിവാക്കിയതെന്നാണ് സൂചന.

എന്നാല്‍, പൂഞ്ഞാറില്‍ ഇടത് പിന്തുണയില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ് മുന്നറിപ്പ് നല്‍കി. പി സി ജോര്‍ജ് കൂടി മത്സരരംഗത്തേക്ക് വന്നാല്‍ മണ്ഡലത്തില്‍ വാശിയേറിയ ചതുഷ്‌കോണ മത്സരമാകും നടക്കുക.