മോഷണ വാഹനങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയ മൂന്നു പേര്‍ പിടിയില്‍

Webdunia
വ്യാഴം, 18 ഫെബ്രുവരി 2016 (11:12 IST)
നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മോഷ്ടിച്ച ഇരുചക്ര വാഹനങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് ചെമ്പ്ര  സ്വദേശി മുജീബ് മന്‍സിലില്‍ ഷെമീര്‍ (22), മരുതം‍കുഴി അബുതാഹിര്‍, വാഴോട്ടുകോണം സ്വദേശി വിപിന്‍ (22) എന്നിവരാണു പിടിയിലായത്.

ഈ മൂവര്‍ സംഘത്തിന്‍റെ പേരില്‍ നഗരത്തിലെ ഫോര്‍ട്ട്, വട്ടിയൂര്‍ക്കാവ്, മ്യൂസിയം, മെഡിക്കല്‍ കോളേജ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണത്തിനു നിരവധി കേസുകളുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്ന് ഒരു പള്‍സര്‍ ബൈക്ക് മോഷ്ടിക്കുമ്പോഴായിരുന്നു ഇവരെ വലയിലാക്കിയത്.

സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ഡി.സി.പി ശിവവിക്രം, കണ്‍ട്രോള്‍ റൂം എ.സി പ്രമോദ് കുമാര്‍, സൈബര്‍ സിറ്റി കഴക്കൂട്ടം എ സി അനില്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.