ബാലകൃഷ്ണപിള്ള എല്‍ ഡി എഫിന്റെ ഭാഗമല്ലെന്ന വിഎസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും? പിണറായി വിജയനോട് ചെന്നിത്തല

Webdunia
ഞായര്‍, 24 ഏപ്രില്‍ 2016 (14:13 IST)
സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത് . പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ടുള്ളതാണ് മിക്ക ചോദ്യങ്ങളും. ലാവ്‍ലിൻ വിഷയത്തിലെയും ടിപി വധക്കേസിലെയും വിഎസിന്റെ നിലപാടുകളെക്കുറിച്ച് പിണറായിക്ക് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചിട്ടുണ്ട്.
 
മദ്യനയത്തില്‍ വിഎസും യെച്ചൂരിയും പ്രകടിപ്പിച്ച എതിര്‍പ്പിനെ കുറിച്ച് എന്ത് പറയുന്നു, താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ വിഎസിന്റെ നിലപാട് തന്നെയാണോ ഉള്ളത്, ബാലകൃഷ്ണപിള്ള എല്‍ഡിഎഫിന്റെ പുറത്താണ് എന്ന വിഎസിന്റെ പരാമര്‍ശത്തോടുള്ള പ്രതികരണം എന്താണ് എന്നിവയുള്‍പ്പെട്ട പത്ത് ചോദ്യങ്ങളാണ് ചെന്നിത്തല ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
1. ലാവ്‌ലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട്താങ്കള്‍ യോജിക്കുന്നുണ്ടോ?
 
2. ടി പി വധക്കേസില്‍ തന്റെ പഴയ നിലപാട്തന്നെയാണ് ഇപ്പോഴുമെന്ന വിഎസിന്റെ പ്രസ്താവന എങ്ങിനെ നോക്കിക്കാണുന്നു?
 
3. മദ്യനയത്തില്‍ വിഎസും, യെച്ചൂരിയും താങ്കളുടെ നിലപാടിനോട് പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച്താങ്കള്‍ക്കെന്ത് പറയാനുണ്ട്?
 
4. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന്‌ വിഎസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
 
5. ബാലകൃഷ്ണപിള്ള എല്‍ ഡി എഫിന്റെ ഭാഗമല്ലെന്ന വിഎസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും?
 
6. സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?
 
7. വിഎസ് നെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെ വാദം ശരിയാണെങ്കില്‍ അത് തുടരുന്ന സാഹചര്യത്തില്‍ വിഎസ് ഈ തിരഞ്ഞെടുപ്പില്‍ സി പിഎമ്മിനെ നയിക്കാന്‍ യോഗ്യനാണോ?
 
8. ഫസല്‍ വധക്കേസില്‍ സി ബി ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ?
 
9. കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും സി ബി ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി ജയരാജനെ സി പി എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട്‌ സി പി എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയംമൂലമാണോ?
 
10. എല്ലാരാഷ്ട്രീയ സംഘട്ടനങ്ങളിലും, രാഷ്ട്രീയ കൊലപാതകങ്ങളിലും എപ്പോഴും ഒരു ഭാഗത്ത്‌സി പി എം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം