കേരളം പൊള്ളുന്നു; 51 ഡിഗ്രി വരെ ചൂട് ; ഉഷ്ണസൂചികയില്‍ മുന്നില്‍, ആരോഗ്യപ്രശ്നങ്ങളും കൂടുന്നു
ശനി, 9 ഏപ്രില്‍ 2016 (10:18 IST)
കേരളത്തില്‍ അത്യുഷ്ണം തുടരുന്നു. കേട്ടാല്‍ ഞെട്ടും, കണ്ണൂരില്‍ വെള്ളിയാഴ്ച 2.30ന് അനുഭവിച്ച ചൂട് 51 ഡിഗ്രി! കോഴിക്കോട്ട് 50 ഡിഗ്രി. കൊച്ചിയില്‍ 42. തിരുവനന്തപുരത്ത് 41. അന്തരീക്ഷ താപനിലയെക്കാള്‍ 12 ഡിഗ്രിയോളം കൂടുതലാണ് ഈ വേനലില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുന്നത്.
ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് പ്രസിദ്ധീകരിച്ച ഉഷ്ണസൂചികയിലാണ് ഈ വേനലിന്റെ കാഠിന്യവും ആരോഗ്യപ്രശ്‌നങ്ങളും വ്യക്തമാക്കുന്നത്. മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന യഥാര്‍ത്ഥ ചൂടാണ് ഉഷ്ണസൂചിക. ഈ സൂചിക പ്രകാരം കേരളത്തിലെ മേല്പറഞ്ഞ നാല് മേഖലകളും ജീവിക്കാന്‍ അസുഖകരമായവിധം ചൂടുള്ളവയാണ്.
ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടിയ ഉഷ്ണസൂചികയാണ് കണ്ണൂരും കോഴിക്കോട്ടും അനുഭവപ്പെടുന്നത്. തൊട്ടുപിന്നിലുള്ള ഒഡിഷയിലെ ഭുവനേശ്വറിലെ സൂചിക 49 ഡിഗ്രിയാണ്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും 46 ഡിഗ്രിവരെയാണ് സൂചിക. മനുഷ്യശരീരം വല്ലാതെ തളരുകയും പേശീവലിവിന് കാരണമാവുകയും ചെയ്യുന്നതാണ് ഈ സമയമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നുണ്ട്.
ദിവസവും മൂന്നുമണിക്കൂര്‍ ഇടവിട്ടാണ് ഉഷ്ണസൂചിക പുറപ്പെടുവിക്കുന്നത്. കേരളത്തിന്റെ തെക്കേ അതിര്‍ത്തിയിലുള്ള കന്യാകുമാരിയിലെ സൂചിക 42 ഡിഗ്രി. എന്നാല്‍ വടക്കേ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മംഗളൂരുവില്‍ 40 ഡിഗ്രിയാണ്. കേരളത്തിലെ നാല് നഗരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 20 നഗരങ്ങളിലാണ് ഉഷ്ണ സൂചിക 40 ഡിഗ്രിക്ക് മുകളിലുള്ളത്.
പകല്‍ 12 നും മൂന്നിനും ഇടയ്ക്ക് വെയിലുകൊള്ളരുത്, ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുണം. കഴിവതും അപ്പപ്പോള്‍ പാകംചെയ്ത ആഹാരം മാത്രം കഴിക്കുക. അയഞ്ഞവസ്ത്രം ധരിക്കാന്‍ ശ്രമിക്കുക. പുറത്തിറങ്ങുമ്പോള്‍ കുടപിടിക്കുക. സണ്‍ഗ്ലാസും തൊപ്പിയും ഉപയോഗിക്കാന്‍ മറക്കരുത്.