സംസ്ഥാനത്ത് ആവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വ സാധനങ്ങള്‍ക്കും ഭീമമായ വിലക്കയറ്റം. പാചകവാതകത്തിനും എണ്ണവിലയും കൂടിയതോടെയാണ് വിലക്കയറ്റത്തിന് കാരണമായത്. മില്‍മ്മയും പാല്‍ വില കൂട്ടാന്‍ ധാരണയായതോടെ എല്ലാ മേഘലയിലും വിലക്കയറ്റം ദൃശ്യമാകും. ഇതോടെ സാധരണക്കാരടക്കമുള്ളവരുടെ കുടുംബ ബഡ്ജറ്റ് തകരുമെന്ന് ഉറപ്പായിരിക്കുകയാണ്.
പെട്രോള്‍- ഡീസല്‍ വിലകൂടിയതോടെ വിപണിയില്‍ കടുത്ത വിലക്കയറ്റമാണ് തുടക്കമായത്. പച്ചക്കറി, മീന്‍ , അരിയുള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങള്‍ എന്നിവയ്ക്കാണ് വില പെട്ടന്ന് കുതിച്ചത്. പച്ചക്കറികള്‍ക്ക് പത്ത് മുതല്‍ പതിനഞ്ച് രൂപ വരെ വില കൂടി. തമിഴ്നാട്ടില്‍ മഴ തുടരുന്നതും എണ്ണവില കൂടിയതുമാണ് പച്ചക്കറിക്ക് വില ഉയരാന്‍ കാരണമായി തീര്‍ന്നത്.
മീനിനും അഞ്ചു മുതല്‍ പത്തുരൂപ വരെ ഒറ്റയടിക്ക് കൂടി. അന്യ സംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ അരിക്കും വില കൂടി. സംസ്ഥാനത്ത് ആറു രൂപ വരെയാണ് അരിക്ക് വില കൂടിയത്. വിപണിയിലെ വിലക്കയറ്റം നാളെ നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഇന്ന് അറിയിച്ചു.
കൂടാതെ സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ മില്‍മയുടെ നീക്കവും നടക്കുന്നുണ്ട്. മൂന്ന് രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ബോര്‍ഡ് യോഗം തീരുമാനമായി. വര്‍ധിപ്പിക്കുന്ന തുകയില്‍ 2.40 രൂപ ക്ഷീരകര്‍ഷകര്‍ക്കും 30 പൈസ മില്‍മയ്ക്കും ബാക്കിവരുന്ന തുക ഏജന്റുമാര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകരുടെ ക്ഷേമനിധിയിലേക്കും നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം.
സംസ്ഥാനത്ത് പാചക വാതകത്തിനും വില കൂട്ടി. സബ്സിഡി ഇല്ലാത്ത സിലിണ്ടറിനു നാലു രൂപയാണ് വര്‍ധന. സര്‍ക്കാരിന്റെ സര്‍ച്ചാര്‍ജ് ഇനത്തിലാണു വില വര്‍ധന. കൊച്ചിയില്‍ 440 രൂപയുണ്ടായിരുന്ന പാചക വാതക സിലിണ്ടറിന് ഇനി 444 രൂപ കൊടുക്കണം.
സബ്സിഡി ഇല്ലാത്ത സിലിണ്ടറിനു പുറമേ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനും വര്‍ധനവുണ്ട്. 35 രൂപയാണ് ഈ ഇനത്തില്‍ അധികം നല്‍കേണ്ടത്. പെട്രോളിന് ലിറ്ററിന് ഒരുരൂപ 69 പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയത്. ഡീസലിന് ലിറ്ററിന് 50 പൈസയും വര്‍ദ്ധിപ്പിച്ചത്.