ലഹരി വില്‍പ്പനയ്‌ക്കെതിരെ കാപ പ്രയോഗിക്കും

Webdunia
വെള്ളി, 20 ജൂണ്‍ 2014 (14:16 IST)
പാന്‍മസാല, അനധികൃത ലഹരിവസ്‌തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകളും ഡോക്‌ടരുടെ കുറിപ്പടി ഇല്ലാതെ ലഹരിവസ്‌തുക്കള്‍ ചേര്‍ന്ന മരുന്നുകള്‍ വില്‍ക്കുന്ന മെഡിക്കല്‍ സ്റ്റോറുകളും അടച്ചു പൂട്ടുമെന്നും ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കാപ (കേരള ആന്റിസോഷ്യല്‍ ആക്‌ടിവിറ്റീസ്‌ പ്രിവന്‍ഷന്‍ ആക്‌ട്‌) അടക്കമുള്ള വകുപ്പുകള്‍ പ്രയോഗിച്ച്‌ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

അനധികൃതമായി പുകയില ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഇത്‌ ബാധകമാണ്‌. ജില്ലയെ പുകയിലവിമുക്തമാക്കാനുള്ള നടപടികള്‍ ആലോചിക്കുന്നതിനായി കളക്‌ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പറഞ്ഞു.

മൂന്നുപ്രാവശ്യം കേസുകളില്‍ ഉള്‍പ്പെട്ടവരെ കാപ നിയമപ്രകാരം തടവിലാക്കാന്‍ വ്യവസ്ഥയുണ്ട്‌. ജില്ലയിലെത്തുന്ന കഞ്ചാവിന്റെയും പാന്‍മസാലയുടെ സ്രോതസ്സ്‌ കണ്ടുപിടിക്കും. പൊലീസ്‌ വകുപ്പ്‌ നടത്തുന്ന മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന്‌ മുന്നോട്ടുപോകും. ജില്ലയിലെ പൊതുസ്ഥലങ്ങള്‍ പുകയില വിമുക്തമാക്കുന്നതിനായി പൊതുജനപങ്കാളിത്തത്തോടെ ശക്തമായ ബോധവത്‌കരണം നടത്തുമെന്നും കളക്‌ടര്‍ പറഞ്ഞു.

പുകയില വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സ്‌കൂളുകളിലെ സ്റ്റുഡന്റ്‌ പൊലീസിനെയും എന്‍സിസി യൂണിറ്റുകളെയും കോളേജുകളിലെ സ്റ്റുഡന്റ്‌ യൂണിയനുകളെയും സജീവമായി പങ്കെടുപ്പിക്കും. സന്നദ്ധസംഘടനകള്‍, റെസിഡന്റ്‌സ്‌ അസോസിയേഷനുകള്‍ എന്നിവയുമായും കൈകോര്‍ത്തായിരിക്കും പുകയില വിമുക്ത പൊതുസ്ഥലങ്ങള്‍ ജില്ലയില്‍ ഉറപ്പാക്കുക. എന്‍ ആര്‍ എച്ച്‌ എം, എക്‌സൈസ്‌ തുടങ്ങി വിവിധ വകുപ്പുകളിലെ ഫണ്ടുകള്‍ ഈ പദ്ധതിക്കു വേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ചാലോചിക്കുമെന്നും കളക്‌ടര്‍ പറഞ്ഞു.