ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ, നൂറോളം തെരുവുനായകളേയും കടിച്ചു!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഏപ്രില്‍ 2025 (12:15 IST)
മാവേലിക്കരയില്‍ 77 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മഞ്ഞാടിയിലെ ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്വീകരിച്ചത്. നായയെ ചത്തനിലവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചിലര്‍ കുഴിച്ചുമൂടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നായയുടെ ജഡം പുറത്തെടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോവുകയായിരുന്നു. മാവേലിക്കരയിലും പരിസരപ്രദേശത്തുമുള്ള 77 പേര്‍ക്കാണ് ഈ തെരുവുനായയുടെ കടിയേറ്റത്. 
 
കൂടാതെ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും തെരുവുനായകള്‍ക്കും കടിയേറ്റിട്ടുണ്ട്. നായയുടെ കടിയേറ്റവരില്‍ മൂന്നു വയസ്സുകാരിയും ഉള്‍പ്പെടുന്നു. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവില്‍ ചത്തനിലയില്‍ കണ്ടെത്തിയ നായയെ ചിലര്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍ ജനങ്ങളുടെ ഭീതി അകറ്റുവാന്‍ നായയുടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് നായയെ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചത്.
 
ഈ നായയുടെ കടി നൂറുകണക്കിന് നായകള്‍ക്ക് ഏറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ നായകള്‍ക്ക് പൂര്‍ണമായും വാക്‌സിനേഷന്‍ നല്‍കുക എന്നത് ശ്രമകരമാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍