ടെലികോം മേഖലയില്‍ ഓഫര്‍ വസന്തത്തിന്റെ ഇടിമുഴക്കം...!

Webdunia
ചൊവ്വ, 7 ജൂലൈ 2015 (13:05 IST)
കുറഞ്ഞ നിരക്കില്‍ ഇന്റെര്‍നെറ്റ് ഡേറ്റ, നിലവിലുള്ളതിന്റെ പകുതി നിരക്കില്‍ കോള്‍ ചാര്‍ജുകള്‍, രാജ്യത്ത് പുതിയ ടെലികോ വിപ്ലവം വരാന്‍ പോകുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ കൊണ്ടുവരുന്നതല്ല. പിന്നെയോ, രാജ്യത്ത് പുതുയതായി ടെലികോം മേഖലയിലേക്ക് കടന്നുവരുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആണ് മോഹന വാഗ്ദാനങ്ങള്‍ നിരത്തുന്നത്. ഇപ്പോഴുള്ളതിന്റെ പാതി നിരക്കില്‍ വോയ്സ്, ഡാറ്റ സേവനകള്‍ നല്‍കാനാണു കമ്പനി ഉദ്ദേശിക്കുന്നത്.

300 - 500 രൂപ റേഞ്ചില്‍ പ്രതിമാസം വോയ്സ്, ഡാറ്റ സേവനങ്ങള്‍ റിലയന്‍സ് ജിയോ നല്‍കുമെന്നു മുകേഷ് അംബാനിതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുനു പുറമെ 4000 രൂപയ്ക്കു റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും മൊബൈല്‍ ഫോണ്‍ വിപണിയില്‍ വലിയ മാറ്റമുണ്ടാക്കും. ഫോര്‍ ജി സൗകര്യമുള്ള ഫോണാകും പുറത്തിറക്കുക. രാജ്യത്തെ 80 ശതമാനം ആളുകളിലേക്കും തുടക്കത്തില്‍ത്തന്നെ റിലയന്‍സ് ജിയോയുടെ സേവനങ്ങളെത്തിക്കാനുള്ള ലക്ഷ്യവുമായാണു മുകേഷ് അംബാനിയുടെ മൊബൈല്‍ കമ്പനിയുടെ വരവ്.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 2.5 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു മുന്‍നിര്‍ത്തിയുള്ള നിരക്കു നിര്‍ണയമാകും റിലയന്‍സ് ജിയോ നടത്തുകയെന്നാണു റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ജിയോ വന്‍ ഓഫറുമായി എത്തുന്നതോടെ മറ്റു മൊബൈല്‍ കമ്പനികളും ഈ യുദ്ധത്തില്‍ പങ്കുചേരുമെന്നാണു കരുതുന്നത്.