അര്‍ബുദരോഗിയായ ഭാര്യ നസീമയെ മൊഴി ചൊല്ലിയതിന് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും കെ പി സി സി ജനറല്‍സെക്രട്ടറിയുമായ അഡ്വ. ടി സിദ്ദിഖ്. ഫേസ്ബുക്കിലൂടെയായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. നസീമ കാരണം സ്വന്തം ഉമ്മയെയും ഉപ്പയെയും സഹോദരിയെയും പോലും അകറ്റി നിര്‍ത്തുവാന്‍ താന്‍ നിര്‍ബന്ധിതനായെന്നും തന്റെ മക്കളെയും മറ്റും ഓര്‍ത്ത് താന്‍ എല്ലാം സഹിച്ചും പൊറുത്തും ജീവിക്കുകയായിരുന്നെന്നും സിദ്ദിഖ് കുറിപ്പില്‍ പറഞ്ഞു. മറ്റൊരു ജീവിതം തെരഞ്ഞെടുത്തുകഴിഞ്ഞു എന്നു പറയുന്ന സിദ്ദിഖ് പുതിയ പങ്കാളിയോടൊപ്പമുള്ള ചിത്രവും ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നസീമ അസുഖത്തിന്റെ പേരു പറഞ്ഞ് പലരില്‍ നിന്നും കാശ് പിരിവ് എടുത്തുവെന്നും. ഈ തുക ഉപയോഗിച്ച് താന്‍ അറിയാതെ വെള്ളിമാട് കുന്നില്‍ സ്ഥലം വാങ്ങിയെന്നും ഇതറിഞ്ഞ താന്‍ മാനസികമായി ആകെ തകരുകയും ഇത് പോലെ വിശ്വാസവഞ്ചന കാട്ടുന്ന ഒരു ഭാര്യ തനിക്ക് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും സിദ്ദിഖ് പറയുന്നു.
ഇതുകൂടാതെ കഴിഞ്ഞ ദിവസം അഡ്വ.ഭാസ്‌കരന്‍ നായര്‍ വഴി നസീമ തന്നെ വിളിക്കുകയും മൂന്നുകോടി രൂപ നഷ്‌ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇല്ലെങ്കില്‍ നവമാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തിനു മുന്നില്‍ നാണംകെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും സിദ്ദിഖ് പറയുന്നു. എന്നാല്‍ എങ്ങനെ നോക്കിയാലും ഒരു പൊതു പ്രവര്‍ത്തകനായ തനിക്ക് കൂട്ടിയാല്‍ കൂടുന്ന തുകയായിരുന്നില്ല ഇത്. കൂടാതെ ചികിത്സയ്ക്കായി വാങ്ങിയ കടം ഇനിയും തീര്‍ക്കാനുണ്ട്. നസീമയുടെ നിബന്ധന അംഗീകരിക്കാത്തതിനുളള പ്രതികാരമായിരുന്നു മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചുളള പ്രതികരണമെന്നും സിദ്ദിഖ് ആരോപിക്കുന്നു.
നേരത്തെ ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും ഇനി ഞങ്ങള്‍ കാണിച്ചു തരാം എന്ന് തലാഖിനെക്കുറിച്ച് സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമ ഫേസ്‌ബുക്കില്‍ പ്രതികരിച്ചിരുന്നു. രണ്ടു മക്കളുടെയും ഫോട്ടോ അപ്‌ലോഡ് ചെയ്ത് അതിനൊപ്പമായിരുന്നു നസീമ ഈ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് സിദ്ദിഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:
“എന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ചപല കാര്യങ്ങളും പൊതുസമൂഹത്തില്‍ ഒരു ചര്‍ച്ചക്ക് വെക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഞാന്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നത്.എന്നാല്‍ ചില കാര്യങ്ങള്‍ എന്നെ സ്നേഹിക്കുന്നവരുമായി പങ്ക് വെക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ദുരിതങ്ങളില്‍ നിന്നും ഒരു മോചനം എനിക്ക് ആവശ്യമായിരുന്നു.അതിനൊരുപാട് കാരണങ്ങളുണ്ട്.അതില്‍ എല്ലാം ഇത്തരം ഒരു വേദിയില്‍ എനിക്ക് പറയുവാന്‍ സാധിക്കുകയില്ല.എന്നാല്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ.
ആദ്യമെ പറയട്ടെ ഞാന്‍ മറ്റൊരു ജീവിതം തെരഞ്ഞെടുത്ത് കഴിഞ്ഞു.ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ദുരിതങ്ങളില്‍ നിന്നുള്ള ഒരു മോചനമായിരുന്നു ആ വിവാഹം.നസീമ കാരണം സ്വന്തം ഉമ്മയേയും ഉപ്പയേയും സഹോദരിയെയും പോലും അകറ്റി നിര്‍ത്തുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി.എന്റെ മക്കളെയും മറ്റും ഓര്‍ത്ത് ഞാന്‍ എല്ലാം സഹിച്ചും പൊറുത്തും ജീവിച്ചു.
ഭാര്യയ്ക്ക് ക്യാന്‍സര്‍ ആണെന്നറിഞ്ഞപ്പോള്‍ എല്ലാം മറന്ന് സുഹൃത്തുക്കളില്‍ നിന്നും മറ്റും പൈസ കടം വാങ്ങി കിട്ടാവുന്നതില്‍ നല്ല ചികിത്സ ചെയ്ത് അവരുടെ രോഗം പൂര്‍ണ്ണമായും ഭേദമാക്കി.അവരുടെ ചികിത്സക്കായി മാത്രം നല്ലൊരു തുക വേണ്ടി വന്നു.എന്നാല്‍ ഞാന്‍ അവരുടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുവാന്‍ ഓടുന്നതിനിടയില്‍ നസീമ അസുഖത്തിന്റെ പേരു പറഞ്ഞ് പലരില്‍ നിന്നും കാശ് പിരിവ് എടുക്കുകയും അങ്ങനെ ലഭിച്ച വലിയൊരു തുക ഉപയോഗിച്ച് ഞാന്‍ അറിയാതെ വെള്ളിമാട് കുന്നില്‍ ഒരു സ്ഥലം വാങ്ങുകയും ചെയ്തത്.ഇതറിഞ്ഞ ഞാന്‍ മാനസികാമായി ആകെ തകരുകയും ഇത് പോലെ വിശ്വാസ്സ വഞ്ചന കാട്ടുന്ന ഒരു ഭാര്യ എനിക്ക് വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്.കാരണം ഇനിയും ഈ ദുരിത ജീവിതം വലിച്ചു നീട്ടികൊണ്ടുപോവാനുള്ള ശക്തി എനിക്കില്ലായിരുന്നു.തുടര്‍ന്നാണ് ഞാന്‍ അവരെ തലാഖ് ചൊല്ലുന്നത്.
കഴിഞ്ഞ ദിവസം അവര്‍ അഡ്വക്കേറ്റ് ഭാസ്കരന്‍ നായര്‍ വഴി എന്നെ വിളിപ്പിക്കുകയും 3 കോടി രൂപ അവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും ഇല്ലെങ്കില്‍ നവമാധ്യമങ്ങള്‍ വഴി എന്നെ പൊതുസമൂഹത്തില്‍ നാണം കെടുത്തുമെന്നും ഭീഷണിപെടുത്തുകയും ചെയ്തു.എന്നാല്‍ എങ്ങനെ നോക്കിയാലും ഒരു പൊതു പ്രവര്‍ത്തകനായ എനിക്ക് കൂട്ടിയാല്‍ കൂടുന്ന തുകയായിരുന്നില്ല അത്.കൂടാതെ അവരുടെ ചികിത്സക്കാവശ്യമായി വാങ്ങിയ കടം ഇപ്പോയും കൊടുത്ത് തീര്‍ക്കാനുണ്ട്.ഞാന്‍ അവരുടെ നിബന്ധനക്ക് വഴങ്ങാതിരുന്നതിനുള്ള പ്രതികാരമായിരുന്നു മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് അവര്‍ നടത്തിയ കള്ള പ്രചരണങ്ങള്‍.എന്നെ സ്നേഹിക്കുന്നവരോട് ഇത്രയെങ്കിലും അറിയിക്കേണ്ടത് അനിവാര്യമായതിനാലാണ് ഞാന്‍ ഇത് ഇവിടെ ഷെയര്‍ ചെയ്തത്.
ഞാന്‍ അനുഭവിക്കാത്ത വേദനകള്‍ ഇല്ല,കരയാന്‍ ഇനി കണ്ണുനീര്‍ ഇല്ല.ഞാന്‍ ശാഠ്യങ്ങള്‍ക്കും ദുര്‍വാശികള്‍ക്കും മുന്നില്‍ കീഴടങ്ങിയിട്ടേയുള്ളു.11 വര്‍ഷത്തെ എന്റെ ദുരനുഭവങ്ങള്‍ ഇന്ന് വന്ന തെറ്റായ വാര്‍ത്ത എനിക്കുണ്ടാക്കിയ ആഘാതത്തേക്കാള്‍ എത്രയോ വലുതാണ്.അത്‌കൊണ്ട് എന്നെ ഇത്തരം വാര്‍ത്തകള്‍ തളര്‍ത്തുന്നില്ല.