എംടിയുടെ സൃഷ്‌ടികള്‍ പലതും അശ്ലീലമാണെന്നും മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയതിന് പിന്നില്‍ നൊബേല്‍ സമ്മാനമോഹമായിരുന്നു എന്നും ടി പത്മനാഭന്‍. ഡിവൈഎഫ്‌ഐ മുഖപത്രമായ യുവധാരയ്‌ക്കു വേണ്ടി ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എം സ്വരാജ് നടത്തിയ അഭിമുഖത്തിലാണ് പത്മനാഭന്‍ എംടിയ്ക്കും മാധവിക്കുട്ടിയ്ക്കും എതിരേ ആഞ്ഞടിച്ചത്. പച്ചയ്‌ക്ക് പറയുന്നു പത്മനാഭന്‍ എന്ന തലക്കെട്ടില്‍ വന്ന അഭിമുഖത്തില്‍ എംടിക്കെതിരേയാണ് കടുത്ത പരാമര്‍ശം.
എംടി ജ്‌ഞാനപീഠം കാശു കൊടുത്തു വാങ്ങിയെന്നു സമര്‍ത്ഥിക്കാനാണ് അഭിമുഖത്തില്‍ പത്മനാഭന്റെ ശ്രമം. എംടിയുടെ സൃഷ്‌ടികള്‍ പലതും അശ്ലീലമാണ്. ഇക്കാര്യം താന്‍ എംടിയോട് തന്നെ പറഞ്ഞിട്ടുണ്ട്. ഡിസി ബുക്‌സിന്റെ വാര്‍ഷികത്തിന് കോട്ടയത്ത് വച്ച് തകഴി ശിവശങ്കരപിള്ള തന്നെയും എംടിയെയും, മാധവിക്കുട്ടിയെയും ഇരുത്തി ഇവരില്‍ താനാണ് ഒന്നാമന്‍ എന്ന് പറഞ്ഞതായും പത്മനാഭന്‍ അവകാശപ്പെടുന്നു. അതിനു ശേഷമാണ് എംടി തനിക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കാതെയായെന്നും പത്മനാഭന്‍ കുറ്റപ്പെടുത്തുന്നു.
വലിയ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടിയെന്നു പറയുന്നുണ്ടെങ്കിലും വരികള്‍ക്കിടയിലൂടെ പത്മനാഭന്‍ അവരെ വിമര്‍ശിക്കുന്നുമുണ്ട്. മാധവിക്കുട്ടിക്ക് ജ്‌ഞാനപീഠം കിട്ടിയില്ല. ഇന്ദിരാ ഗോസ്വാമിക്ക് കിട്ടി. അതിന്റെ വേദന അവര്‍ക്കു ചാകുന്നതുവരെയുണ്ടായിരുന്നു. മാധവിക്കുട്ടിയും താനും തമ്മില്‍ വലിയ ലോഹ്യമായിരുന്നു. മാധവിക്കുട്ടി മതം മാറിയതിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്.
പ്രധാന കാരണം പുന്നയൂര്‍കുളത്തെ ആഢ്യന്‍ നായര്‍മാര്‍ക്ക് ഇവരോട് കുനുഷ്‌ടായിരുന്നു. ഇവരുടെ സൗന്ദര്യം, പ്രശസ്‌തി, താന്‍പോരിമ, ഒരാളെയും വിലവയ്‌ക്കാത്ത ഭാവം. അതൊക്കെ അവറ്റകള്‍ക്കിഷ്‌ടമല്ല. എന്നാല്‍ കാണിച്ചു തരാമെന്നു മാധവിക്കുട്ടിയും. പിന്നെ മറ്റൊരു സ്വാര്‍ത്ഥത ഉണ്ടായിരുന്നു. മതം മാറുമ്പോള്‍ അറബ് ലോകത്ത് നൊബേല്‍ സമ്മാനം. നൊബേല്‍സമ്മാനം ഒരു ഈജിപ്‌ത്‌കാരനോ മറ്റോ ആണ് കിട്ടിയിട്ടുള്ളൂ. ഇവരുടെ കണ്ണ് നോബേലിലേക്കായിരുന്നു. എല്ലാം പണമല്ലേ നിയന്ത്രിക്കുന്നത്. സൗദി രാജവംശത്തിന്റെ പിന്തുണയുണ്ടാകുമല്ലോ. അത് ചീറ്റിപ്പോയി. നൊബേല്‍ കിട്ടാനുള്ള യോഗ്യത മാധവിക്കുട്ടിക്കുണ്ട്. ഇതാണ് മതം മാറ്റത്തിന്റെ കാരണങ്ങള്‍.
അല്ലാതെ ഇസ്ലാമും ക്രിസ്ലാമും ഒന്നുമില്ല. അവര്‍ക്ക് സൗന്ദര്യത്തെക്കുറിച്ചും നല്ല മതിപ്പുണ്ട്. ബലാത്സംഗം ചെയ്യാന്‍ വന്ന മറ്റൊരു പൊന്നാനിക്കാരനായ സാഹിത്യക്കാരനെക്കുറിച്ചും തന്നോട് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ടെന്നും പത്മനാഭന്‍ പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.