പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക മാത്രമായിരിക്കും ഈ സിനഡ് യോഗത്തിലെ പ്രധാന അജണ്ട. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനം രാജിവെച്ചതിനു ശേഷമുള്ള ആദ്യ സിനഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താന്‍ സിറോ മലബാര്‍ സഭയ്ക്കു കീഴിലുള്ള 53 ബിഷപ്പുമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കും. രഹസ്യ ബാലറ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
മൂന്ന് ബിഷപ്പുമാരുടെ പേരുകളാണ് സിറോ മലബാര്‍ സഭയുടെ അധ്യക്ഷനാകാന്‍ പരിഗണിക്കുന്നത്. തൃശൂര്‍ അതിരൂപത മെത്രാപ്പോലിത്താ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്, തലശ്ശേരി മെത്രാപ്പോലിത്ത ജോസഫ് പാംബ്ലാനി എന്നിവരാണ് പ്രധാനപ്പെട്ട മൂന്ന് പേര്‍. ഇതില്‍ തന്നെ ആന്‍ഡ്രൂസ് താഴത്തിനാണ് മുഖ്യ പരിഗണന.