സിസ്‌റ്റർ സൂസന്റെ മരണം; മുങ്ങിമരണമെന്ന് പ്രാഥമിക പോസ്‌റ്റ്മോ‌ർട്ടം റിപ്പോർട്ട്, വയറ്റിൽ നാഫ്‌തലിൻ ഗുളിക

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (15:25 IST)
കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വെന്റിലെ കന്യാസ്ത്രീയും പത്തനാപുരം സെന്റ് സ്‌റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയുമായ സിസ്‌റ്റർ സി ഇ സൂസന്റേത് (54) മുങ്ങി മരണമെന്ന് സൂചന. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസിന് ലഭിച്ച വിവരങ്ങളാണ് മുങ്ങിമരണമാണെന്ന് സൂചിപ്പിക്കുന്നത്.
 
സിസ്റ്റർ സൂസന്റെ വയറ്റിൽനിന്നു നാഫ്തലിൻ ഗുളിക ലഭിച്ചുവെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കൈത്തണ്ടയിലെ മുറിവുകളല്ലാതെ ബലപ്രയോഗം നടന്നതായി വ്യക്തമാക്കുന്ന പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. 
 
കോൺവെന്റ് വളപ്പിലെ കിണറ്റിൽ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സിസ്‌റ്ററിന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുറിച്ച മുടിയുടെ ചില ഭാഗങ്ങൾ ഇവരുടെ റൂമിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കൊലപാതകമോ ആത്മഹത്യയോ എന്ന സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ ഇന്നലെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.
 
12 കൊല്ലമായി ഇവര്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു സിസ്‌റ്റർ സൂസൻ. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കിണറ്റില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍