ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തില്‍ തൃപ്തരാണെന്ന് സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരന്‍ ബൈജു പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയിരുന്നുവെന്ന് സുരേഷ് ഗോപി അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് അങ്കമാലി ഇളവൂരിലെ സിസ്റ്റര്‍പ്രീതി മേരിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തിയത് 15 മിനിറ്റോളം വീട്ടുകാരുമായി മന്ത്രി സംസാരിച്ചു. അതേസമയം തൃശ്ശൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന് അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. 70 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 40 ബിജെപി പ്രവര്‍ത്തകര്‍ക്കും 30 സിപിഎം പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസെടുത്തത്.
അതേസമയം സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍ അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ റാലിയില്‍ പങ്കെടുക്കും. കഴിഞ്ഞദിവസം സിപിഎം പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും ചെരുപ്പ് മാല ഇടുകയും ചെയ്തിരുന്നു.