ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തിയുള്ള അമേരിക്കന്‍ തീരുമാനത്തിന് പിന്നാലെ ഇന്ത്യ റഷ്യയുമായും ചൈനയുമായും കൂടുതല്‍ അടുക്കുന്നതിനിടെ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ പൂജ്യത്തിലേക്ക് കുറയ്ക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഇന്ത്യ ചെയ്യേണ്ടതായിരുന്നുവെന്നും ഇപ്പോള്‍ ഏറെ വൈകിയെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ കുറിച്ചു.
ഇന്ത്യക്കെതിരെ ആദ്യഘട്ടത്തില്‍ 25 ശതമാനം ഇറക്കുമതി തീരുവയാണ് അമേരിക്ക ചുമത്തിയത്. പിന്നീട് റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 ശതമാനം തീരുവ കൂടി ചുമത്തി. റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ത്യ ഫണ്ട് ചെയ്യുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. അതേസമയം ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമ്പോള്‍ വിമര്‍ശനങ്ങള്‍ ഇന്ത്യ മാത്രം നേരിടേണ്ടിവരുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പുതിയ വിപണികള്‍ പിടിച്ചടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് നിലവില്‍ ഇന്ത്യ.
2024ല്‍ 87.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയിലൂടെ അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി ആയിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നും വളരെ കുറച്ച് സാധനങ്ങള്‍ മാത്രമാണ് ഇന്ത്യ വാങ്ങിയിരുന്നത്. ഒരു വണ്‍ സൈഡഡ് ബിസിനസാക്കി ഇന്ത്യ മാറ്റിയിരുന്നു. ട്രംപ് പറയുന്നു. ഇന്ത്യ റഷ്യയില്‍ നിന്നാണ് ഭൂരിഭാഗം എണ്ണയും യുദ്ധോപകരണങ്ങളും വാങ്ങുന്നതെന്നും ട്രംപ് പറയുന്നു.