പിറന്നാൾ ദിനത്തിൽ ഭൂതത്താൻകെട്ടിനടുത്ത് പൊങ്ങിൻ ചുവട് ആദിവാസി കോളനിക്ക് 32 ശൗചാലയങ്ങൾ പണിത് നല്‍കി സുരേഷ് ഗോപിയുടെ വ്യത്യസ്തമായ പിറന്നാളാഘോഷം. ഇന്നലെയായിരുന്നു സുരേഷ് ഗോപിയുടെ 58-)ം പിറന്നാള്‍.
സുരേഷ് ഗോപിയുടെ സഹായത്തോടെ ശാന്തി മെഡിക്കൽ മിഷൻ സെന്ററാണ് ശൗചാലയങ്ങൾ നിർമ്മിച്ചു നൽകിയത്. പിറന്നാൾ ദിനമായ വെള്ളിയാഴ്ച പൊങ്ങിൻ ചുവട് ആദിവാസി കുടിയിലെത്തിയ സുരേഷ് ഗോപി ശൗചാലയങ്ങൾ നാടിന് സമർപ്പിച്ചു.മദ്യം , മയക്കുമരുന്ന് , പുകയില എന്നിവയിൽ നിന്നൊഴിഞ്ഞ് നിൽക്കാൻ അദ്ദേഹം കുടിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു .
മുൻപ് അട്ടപ്പാടിയിലെ ഗോഞ്ചിയൂർ ഗ്രാമത്തിൽ സുരേഷ് ഗോപി അവിടുത്തെ ഗ്രാമീണരുടെ അമിത മദ്യപാനാസക്തി തിരിച്ചറിഞ്ഞ് പരിഹാരം നിർദ്ദേശിച്ചിരുന്നു. ഗോഞ്ചിയൂർ സന്ദർശിച്ച സുരേഷ് ഗോപി അതിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അദ്ദേഹം നേരിട്ടു തന്നെ നടത്തുകയും ചെയ്തു . മാത്രമല്ല ആവശ്യമായ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ സന്ദർശനത്തിനു ശേഷം ഗ്രാമീണർ അദ്ദേഹത്തിന്റെ പേര് ഗ്രാമത്തിനു നൽകിയിരുന്നു.