എൻഎസ്എസിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന നിയന്ത്രിതമായ സഭാഹാളില്‍ കടന്ന സുരേഷ് ഗോപിക്ക് അഹങ്കാരമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഷോ കാണിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഹാളില്‍ കടന്നത്. ഹാളില്‍ എത്തിയത് തന്നെ തെറ്റാണ്, എനിക്കിത് ഇഷ്ടപ്പെട്ടില്ല തുടര്‍ന്നാണ് പുറത്ത് പോകാന്‍ പറഞ്ഞതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
നിയന്ത്രിതമായ സഭാഹാളില്‍ പ്രവേശിച്ച സുരേഷ് ഗോപിയുടെ രീതി ബജറ്റ് അവതരണവേളയില്‍ എത്തിയ അംഗങ്ങള്‍ക്ക് പോലും ഇഷ്‌ടമായില്ല. അദ്ദേഹം യോഗഹാളില്‍ പ്രവേശിച്ചത് ശരിയാണോ എന്ന് താന്‍ ചോദിച്ചപ്പോള്‍ അംഗങ്ങള്‍ എല്ലാവരും ഒന്നടങ്കം ഈ നടപടി ശരിയല്ലെന്ന് അഭിപ്രായപ്പെട്ടുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അദ്ദേഹം നായര്‍ സമുദായാംഗമാണെങ്കിലും ഇതുവരെ ഒരു കാര്യത്തിനും ബന്ധപ്പെട്ടിട്ടില്ലാത്ത വ്യക്തിയാണ്. നിയന്ത്രിതമായ സഭാഹാളില്‍ പ്രവേശിച്ചത് അധികപ്പറ്റാണെന്നും അദ്ദേഹം പറഞ്ഞു.
നായരാണെന്ന് അഭിമാനബോധമുള്ള ആളുകള്‍ ആ രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത്. തന്നെ കാണാന്‍ ഇതുപോലെ സുപ്രധാനമായ യോഗവും ചര്‍ച്ചയും നടക്കുന്നതിനിടയിലല്ല വരേണ്ടത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ തനിക്ക് കൈ തരാന്‍ വന്നപ്പോള്‍ ഞാന്‍ അങ്ങനെ പറഞ്ഞതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം സമാധിമണ്ഡപത്തില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ചനയ്ക്ക് എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ എത്തി തന്നോട് അനുമതി ചോദിച്ചിരുന്നു. ഇതനുസരിച്ച് താന്‍ പുഷ്പാര്‍ച്ചനയ്ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നുവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
അതേസമയം, താന്‍ ജന്മനാളായതിനാല്‍ അമ്പലത്തിലെത്തിയതായിരുന്നെന്നും തുടര്‍ന്ന് മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയെന്നും. പിന്നീട് അവിടെ ഉണ്ടായിരുന്ന എന്‍ എസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സുകുമാരന്‍ നായരെ കാണുവാന്‍ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ഹാളിലെത്തിയപ്പോള്‍ തനിക്കിതൊന്നും ഇഷ്ടമല്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞെന്നും അതിനാല്‍ ഹാള്‍ വിട്ട് വെളിയില്‍ പോകുകയായിരുന്നെന്നും സുരേഷ് ഗോപി ഒരു വാര്‍ത്താമാധ്യമത്തോട് പ്രതികരിച്ചു.