മിഷന്‍ 2024: സിനിമ താരങ്ങളെ ഇറക്കി കേരളം പിടിക്കാന്‍ ബിജെപി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കൃഷ്ണകുമാറും മത്സരിച്ചേക്കും

Webdunia
വ്യാഴം, 24 നവം‌ബര്‍ 2022 (08:31 IST)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ ഇറക്കി കളം പിടിക്കാനാണ് കേരളത്തില്‍ ബിജെപി ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന നേതൃത്വത്തിനു ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമുഖ നേതാക്കളോട് ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരിക്കുന്നത്. 
 
സുരേഷ് ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥികളായി എത്തിയേക്കും. കൃഷ്ണകുമാറിനെ തിരുവനന്തപുരത്തും സുരേഷ് ഗോപിയെ തൃശൂരും സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന. ഇരുവരോടും ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സുരേഷ് ഗോപി കഴിഞ്ഞ തവണയും തൃശൂര്‍ മത്സരിച്ചിരുന്നു. മികച്ച മത്സരമാണ് സുരേഷ് ഗോപി കാഴ്ചവെച്ചത്. ഇത്തവണ തീര്‍ച്ചയായും തൃശൂര്‍ പിടിക്കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. 
 
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ കുമ്മനം രാജശേഖരന്‍ തയ്യാറല്ല എന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. ജനകീയ മുഖമായതിനാല്‍ കൃഷ്ണകുമാറിന് വോട്ട് ലഭിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. 
 
ബിജെപി തങ്ങള്‍ക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരവും തൃശൂരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article