പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 ഫെബ്രുവരി 2023 (19:14 IST)
സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുകയാണ്. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണമെന്നും പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
 
ജലം പാഴാക്കാതെ ഉപയോഗിക്കണം. വേനല്‍മഴ ലഭിക്കുമ്‌ബോള്‍ പരമാവധി ജലം സംഭരിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവരാണ അതോറിറ്റി അറിയിച്ചു.
 
വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) എന്നിവിടങ്ങളില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യ കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതിന് സമീപത്ത് താമസിക്കുന്നവരും സ്ഥാപനങ്ങളുള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍