ഇതരസംസ്ഥാനക്കാര്‍ക്ക് എതിരെയുള്ള വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി കവയിത്രി സുഗതകുമാരി രംഗത്ത്. വിദ്യാഭ്യാസം കുറഞ്ഞവര്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചത്തലമുള്ളവരുമാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കെത്തുന്നവരില്‍ അധികവും എന്ന പരാമര്‍ശം ആണ് വിവാദമായത്. എന്നാല്‍, താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത് വളച്ചൊടിച്ചതാണെന്നുമാണ് സുഗതകുമാരി പറയുന്നത്.
‘ജന്മഭൂമി’ ഓണപ്പതിപ്പില്‍ ‘രാത്രിമഴയുടെ നിലയ്ക്കാത്ത സിംഫണി’ എന്ന തലക്കെട്ടില്‍ ലീലാ മേനോനുമായുള്ള സംഭാഷണത്തില്‍ നിന്നുള്ള ഭാഗം ‘മാതൃഭൂമി’ ദിനപത്രത്തിലെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്.
“കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രമാതീതമായ കുടിയേറ്റം. സാംസ്കാരികമായി വന്‍ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ടുചെന്നെത്തിക്കുക. നമുക്ക് സാംസ്കാരികമായി ഒരുതരത്തിലും പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്. വിദ്യാഭ്യാസനിലവാരം കുറഞ്ഞവര്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ് ഇവരിലധികവും. അവര്‍ ഇവിടെ വീടും വെച്ച് ഇവിടെ നിന്ന് കല്യാണവും കഴിച്ച് ഇവിടത്തുകാരായി മാറും’. ഇതായിരുന്നു പ്രതികരണക്കോളത്തില്‍ വന്ന പരാമര്‍ശം. എന്നാല്‍, പരാമര്‍ശം വിവാദമായതോടെ ‘നമ്മുടെ പാവം പെണ്‍കുട്ടികളെ വളച്ചെടുക്കാന്‍ അവര്‍ക്ക് പ്രയാസമൊന്നും കാണില്ല. ഭീകരസംഘടനയായ ഐ എസില്‍ ചേരാന്‍ വരെ നമ്മുടെ കുട്ടികളെ സ്വാധീനിച്ച് കൊണ്ടുപോകാന്‍ കഴിയുന്നു’ എന്ന ജന്മഭൂമി സംഭാഷണത്തിലെ ശേഷിക്കുന്ന ഭാഗം കൂടി കൂട്ടിച്ചേര്‍ത്താണ് സോഷ്യല്‍മീഡിയയിലെ വിമര്‍ശങ്ങള്‍.