കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നടത്തുന്ന ജനപക്ഷ യാത്രയില്‍ വീണ്ടും വിവാദം പുകയുന്നു. കോട്ടയം ജില്ലയിലെ യാത്രയ്ക്ക് മദ്യലോബിയുടെ സഹായം സ്വീകരിച്ചെന്ന് ആരോപണം നിലനില്‍ക്കേ ഓപ്പറേഷന്‍ കുബേരയില്‍ നടപടിയെടുത്ത ചിട്ടി തലവനുമായി വേദി പങ്കിട്ടതാണ് പുതിയ വിവാദം.
സുധീരന്റെ ജനപക്ഷ യാത്രക്കിടെ ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ആപ്പിള്‍ ട്രീ ചിട്ടിഫണ്ട് ചെയര്‍മാന്‍ കെ ജെ ജയിംസുമായി വേദി പങ്കിട്ടതാണ് പുതിയ പ്രശ്‌നം. ചങ്ങനാശേരി രണ്ടാം നമ്പര്‍ ബസ് സ്‌റ്റാന്‍ഡ് പരിസരത്ത് ജാഥയ്ക്കു നല്‍കിയ സ്വീകരണയോഗവേദിയിലാണ് കെ ജെ ജയിംസുമായി സുധീരന്‍ വേദി പങ്കിട്ടത്. കോട്ടയം ജില്ലയ്‌ക്ക് അകത്തും പുറത്തുമായി നിരവധി ശാഖകളുള്ള ചിട്ടിഫണ്ടിനെതിരേ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നടപടി എടുത്തിരുന്നു. ചിട്ടിഫണ്ടിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുംകൂടിയായിരുന്ന ജയിംസ് പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.
ജയിംസിനെതിരേ പാര്‍ട്ടിക്കും പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഭരണതലത്തിലെ ഉന്നതരുടെ ഇടപെടല്‍ മൂലം നടപടി ഉണ്ടായില്ല. ചങ്ങനാശേരി ആസ്‌ഥാനമായി തുടങ്ങിയ ചിട്ടിഫണ്ടില്‍ നിരവധി ആള്‍ക്കാര്‍ പണം നിക്ഷേപിച്ചിരുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ ബിജു രാധാകൃഷ്‌ണനും സരിതയ്‌ക്കും നിക്ഷേപം ഉണ്ടായിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
ജനപക്ഷയാത്രയ്‌ക്ക് ഡിസിസി ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് കള്ളുഷാപ്പ് ഉടമയെ വിളിച്ച് പണം നല്‍കാന്‍ നിര്‍ദേശിച്ചതായി ഒരു ചാനലിന്റെ ഒളിക്യാമറയില്‍ എക്‌സൈസ് ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ജനപക്ഷയാത്രയിലെ പുതിയ വിവാദം.