കോണ്‍ഗ്രസ് മുക്തഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലക്ഷ്യം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളുടെ പരീക്ഷണമാണ് കേരളത്തിലെ പുനര്‍മതപരിവര്‍ത്തനങ്ങളെന്നും ഇതിനെ ഗൌരവത്തോടെ കാണണമെന്നും സുധീരന്‍ പറഞ്ഞു.
മദ്യത്തിനെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ സ്വാതന്ത്യ്രസമരകാലത്തു തന്നെ തുടങ്ങിയതാണ്. ഇന്ത്യക്കാരെ ലഹരിക്ക് അടിമകളാക്കി സാമ്രാജ്യത്വം തുടരാനായിരുന്നു ബ്രിട്ടീഷുകാരുടെ പദ്ധതി. ഇതിനെതിരായി മദ്യഷാപ്പുകള്‍ പിക്കറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. എത്ര ദീര്‍ഘവീക്ഷണത്തോടെയാണ് ആ സമരങ്ങളെന്ന് ഇപ്പോള്‍ സമൂഹത്തിന് ബോധ്യമാകുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു.