നടൻ സുധീർ കരമനയുടെ വീട്ടിൽ സാധനങ്ങൾ ഇറക്കിയതിന് യൂണിയൻകാർ നോക്കൂകൂലി വാങ്ങിയെന്ന് പരാതി. വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനായി 25,000 രൂപയാണ് മൂന്ന് യൂണിയനുകൾ ചേർന്ന് നോക്കുകൂലിയായി സുധീറിൽ നിന്ന് വാങ്ങിയത്. പണം വാങ്ങിയ യൂണിയൻകാർ ലോഡ് ഇറക്കാതെ പോയെന്നും താരം പറഞ്ഞു.
തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്‍റെ പുതിയ വീടു പണി നടക്കുന്ന സ്ഥലത്താണ് സംഭവം. സാധനങ്ങള്‍ ഇറക്കുന്നതിനായി ആദ്യം മൂന്ന് യൂണിയനുകൾ ചേർന്ന് ഒരു ലക്ഷം രൂപയാണ് രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് 75,000 രൂപ ആവശ്യപ്പെട്ടു. വീട് പണിയുടെ ചുമതലയുണ്ടായിരുന്നവര്‍ ഈ തുക നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ യൂണിയൻകാർ ഇവരോട് മോശമായി സംസാരിച്ചുവെന്നും സുധീർ പറഞ്ഞു.
തര്‍ക്കം നീണ്ടതോടെ 25,000 രൂപ നൽകാമെന്ന് സമ്മതിച്ചു. എന്നാല്‍ ഈ പണം വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ യൂണിയന്‍കാര്‍ പോയി. ഇതോടെ കമ്പനിയിൽ നിന്നെത്തിയ തൊഴിലാളികൾ തന്നെ മാർബിളും ഗ്രാനൈറ്റും ഇറക്കി. ഇവര്‍ക്ക് 16,000 രൂപ മാത്രമാണ് കൊടുത്തത്. സിനിമയുടെ ചിത്രീകരണത്തിനായി താന്‍ തൊടുപുഴയില്‍ ആയിരുന്നപ്പോഴാണ് സംഭവമെന്നും താരം വ്യക്തമാക്കി.
നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ശരിയല്ലെന്നും സുധീർ കരമന കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശഖേരൻ പറഞ്ഞു.