ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക്) ചുമതലപ്പെടുത്തുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അതേസമയം ഓപ്പറേഷന്‍ കാവേരിയിലൂടെ സുഡാനില്‍ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയില്‍ എത്തിച്ചു. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയില്‍ എത്തിച്ചത്. വ്യോമസേനയുടെ സി130 വിമാനം ഉപയോഗിച്ച് പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതല്‍ പേരെ ജിദ്ദയില്‍ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.