ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം; കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും തകര്‍ന്നു
ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ നേമത്തെ ഓഫിസിനുനേരെ ആക്രമണം. ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും കല്ലേറിഞ്ഞു തകര്‍ത്ത നിലയിലാണ്. ശനിയാഴ്ച അർധരാത്രിയോടെ കരമന എന്‍എസ്എസ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
രാത്രി 12 മണിവരെ ബിജെപി പ്രവര്‍ത്തകര്‍ ഓഫിസില്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ആക്രമണം നടന്നത്. രാജഗോപാൽ എംഎൽഎ സംഭവസ്ഥലം സന്ദർശിച്ചു. വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
രാത്രി ഒന്നര മണിയോടെ ഒരു സംഘമാളുകൾ എത്തി കല്ലേറ് നടത്തിയെന്നും പിന്നീട് ഒരുസംഘം കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.