70 ലക്ഷത്തിന്‍റെ കവര്‍ച്ച: രണ്ട് പേര്‍ കൂടി പിടിയില്‍

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (18:19 IST)
മലപ്പുറം സ്വദേശികളായ മലയാളി വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഇവര്‍ സഞ്ചരിച്ച കാറും 70 ലക്ഷം രൂപയും തട്ടിയെടുത്ത കേസിനോട് അനുബന്ധിച്ച് രണ്ട് പേര്‍ കൂടി കഴിഞ്ഞ ദിവസം പൊലീസിന്‍റെ വലയിലായി. ഇതോടെ ഈ കേസില്‍ പിടിക്കപ്പെട്ടവരുടെ എണ്ണം ആറായിട്ടുണ്ട്.

മലപ്പുറം സ്വദേശികളായ കോളേജ് വിദ്യാര്‍ത്ഥികളുമായ മുഹമ്മദ് റഷീദ്, മുഹമ്മദ് റിയാസ് എന്നിവരില്‍ നിന്നാണു പണം കവര്‍ന്നത്. ഇവര്‍ കാറില്‍ കറന്‍സിയുമായി സേലത്തു നിന്ന് മലപ്പുറത്തേക്ക് വരവേ ജൂലൈ ആറിനു വെളുപ്പിനു സുലൂര്‍ ബൈപാസില്‍ തെന്നം പാളയത്തു വച്ച് സായുധരായ അക്രമികള്‍ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചാണു പണം തട്ടിയെടുത്തത്. പിന്നീട് തട്ടിയെടുത്ത കാര്‍ പല്ലടം മാതപ്പൂരിലെ നല്ലാ കൌണ്ടന്‍പാളയത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കേസില്‍ പ്രതികളായ നാലു പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളം കാക്കനാട് സ്വ്ദേശി ജോബി തോമസ് (22), ജിമ്മി ജോര്‍ജ്ജ് (36) എന്നിവരാണു കഴിഞ്ഞ ദിവസം പിടിയിലായത്. തിരുവനന്തപുരം തിരുമല സ്വഡേശി രഞ്ജിത് (29), കോഴിക്കോട് കൊളത്തറ സ്വദേശി അമീര്‍നാഥ് (3), കോയമ്പത്തൂര്‍സ്വദേശി അയൂബ് അന്സാരി (25), കോയമ്പത്തൂര്‍ സ്വദേശി ജലീല്‍ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരില്‍  നിന്ന് കവര്‍ച്ച നടത്തിയ 17 ലക്ഷം രൂപയും ആറു കാറുകളും ഒരു ലോറിയും പിടിച്ചെടുത്തിരുന്നു.