ആര്‍എസ്‌എസുമായി ബന്ധമുണ്ടായിരുന്നില്ലെന്ന പിണറായി വിജയന്റെ വാദം തെറ്റാണെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. ആര്‍എസ്എസുമായി മാത്രമല്ല ജമാ അത്തെ ഇസ്ലാമിയുമായും സിപിഎമ്മിന് ബന്ധമുണ്ടായിരുന്നു. ജനസ്വാധീനമുള്ള പാര്‍ട്ടിയാണെന്നു കരുതി ഓഫീസിലിരുന്ന് ചരിത്രത്തെ ചോദ്യം ചെയ്യരുതെന്നും കാനം പറഞ്ഞു.
വര്‍ഗീയശക്തികളുമായുള്ള പാര്‍ട്ടിയുടെ ബന്ധത്തിനെതിരെ ആദ്യം രംഗത്തു വന്നത് ജനറല്‍ സെക്രട്ടറി സുന്ദരയ്യ ആയിരുന്നു. ഇതിന്‍ മേലുള്ള പ്രമേയം അദ്ദേഹം കേന്ദ്രകമ്മറ്റിയില്‍ അവതരിപ്പിച്ചെങ്കിലും കേന്ദ്രകമ്മറ്റി തള്ളി. ഇതില്‍ പ്രതിഷേധിച്ചാണ് സുന്ദരയ്യ പിബി വിട്ടതെന്നും കാനം ചൂണ്ടിക്കാട്ടി. 77ല്‍ സിപിഎം വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടിയിരുന്നു.
ആര്‍എസ്എസുമായി സിപിഎമ്മിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ആര്‍എസ്എസ് നേതാവ് കെജി മാരാരുടെ സ്ഥാനാര്‍ത്ഥിത്വം. അടിയന്തരാവസ്ഥയ്ക്കു ശേഷം 77ലാണ് മാരാര്‍ സ്ഥാനാര്‍ത്ഥിയായതെന്നും കാനം ചൂണ്ടിക്കാട്ടി.