ശ്രീപത്മനാഭ ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വിപ്ലവകാരിയാകേണ്ടെന്ന്‌ സുപ്രീം‌കോടതി

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (18:33 IST)
ശ്രീപത്മനാഭ ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ കെ.എന്‍ സതീശിന്‌ സുപ്രീംകോടതിയുടെ ശാസന. സതീശനെ വിളിച്ചുവരുത്തിയാണ് കോടതി ശാസിച്ചത്. എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വിപ്ലവകാരിയാകേണ്ടെന്നും സ്വന്തം രാഷ്‌ട്രീയ നിലപാടുകള്‍ ക്ഷേത്രകാര്യങ്ങളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇങ്ങനെ തുടര്‍ന്നാല്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസറെ പുറത്താക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

രാജകുടുംബത്തിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്യാന്‍ എക്‌സിക്യൂട്ടീവ്‌ അവകാശമില്ലെന്നും, ക്ഷേത്രത്തിലെ ആചാര അനുഷ്ടാനങ്ങള്‍ ചോദ്യം ചെയ്യാന്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ  എന്ന് ഉറപ്പുവരുത്തുകയാണ് എക്സിക്യൂട്ടിവ് ഓഫീസര്‍ ചെയ്യേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ക്ഷേത്രത്തില്‍ വെങ്കിടേശ്വര സുപ്രഭാതം കേള്‍പ്പിക്കുന്നതും, രാജ കുടുംബങ്ങള്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുമ്പോഴുള്ള ക്രമീകരണങ്ങള്‍ ഭകതര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന നിലപാടുമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. ക്ഷേത്ര ആചാരങ്ങളില്‍ തന്ത്രിയാണ് അന്തിമ വാക്കെന്നും വെങ്കിടേശ്വര സുപ്രഭാതം തന്ത്രിയ്‌ക്ക് തീരുമാനിക്കാമെന്നും കെ.എന്‍ സതീശിനെ വിളിച്ചുവരുത്തി കോടതി വ്യക്‌തമാക്കി.

ക്ഷേത്രം ട്രസ്‌റ്റിന്റെ ഓഡിറ്റ്‌ നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ രാജകുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് കോടതി തീരുമാനമെടുത്തിരുന്നത്. നേരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആസ്തിയേക്കുറിച്ച് ഓഡിറ്റ് നടത്തിയ മുന്‍ സി‌എജി വിനോദ് റായ് ക്ഷേത്രം ട്രസ്റ്റില്‍ ഓഡിറ്റ് നടത്തണമെന്ന നിര്‍ദ്ദേശം കോടതിയെ അറിയിച്ചിരുന്നു.