ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മരിച്ച കെഎം ബഷീറിന്റെ ഫോണ്‍ കാണാതായതിലെ ദുരൂഹത തുടരുന്നു. ഫോണ്‍ നഷ്ടമായതിന് ഒരു മണിക്കൂര്‍ ശേഷം അത് ആരോ ഉപയോഗിച്ചെന്ന് ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി മനോരമ ന്യൂസിനോട് പറഞ്ഞു.
ബഷീറിന്റെ ഫോണ്‍ കാണാതായ സംഭവത്തില്‍ അന്വേഷണം വേണമെന്നും സെയ്ഫുദ്ദീന്‍ ഹാജി ആവശ്യപ്പെട്ടു. ബഷീര്‍ മരിച്ചതിന് ശേഷം സെയ്ഫുദ്ദീന്‍ ഹാജിയുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകുന്നതിന് കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാന്‍ തയ്യാറായില്ല. വഫ ഫിറോസിന്റെ രക്തപരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പിന്നീട് സെയ്ഫുദ്ദീന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ സാധിച്ചുള്ളൂവെന്നാണ് പോലീസിന്റെ വിശദീകരണം. ഇതോടെ കേസും വൈകിയതായി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.