ബഷീറിന്‍റെ ഫോണ്‍ അപഹരിച്ചതോ? ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം സിബിഐക്ക് ?

ശനി, 17 ഓഗസ്റ്റ് 2019 (13:40 IST)
ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നതായി സൂചന. ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ഇത്തരത്തില്‍ ആലോചന നടക്കുന്നത് എന്നാണ് വിവരം. 
 
നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്‍റെ വിവിധ വശങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
 
അതേസമയം, മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ ആരെങ്കിലും അപഹരിച്ചതായിരിക്കുമോ എന്ന രീതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഫോണ്‍ ദൂരേക്ക് തെറിച്ച് പോയതാകാനും വഴിയുണ്ട്. അതിനാല്‍ മെറ്റല്‍ ഡിറ്റക്‍ടറിന്‍റെ സഹായത്തോടെ തെരച്ചില്‍ നടത്താനും തീരുമാനമായതായി അറിയുന്നു.
 
കേസിന്‍റെ ആരംഭഘട്ടം മുതല്‍ മ്യൂസിയം പൊലീസ് കാണിച്ച അനാസ്ഥ ബഷീറിന്‍റെ ഫോണ്‍ കണ്ടെത്തുന്ന കാര്യത്തിലുമുണ്ടായി എന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍