ശ്രീറാം പറയുന്നത് സത്യമോ ?; കാറിന്റെ വേഗത എത്ര ? - ശാസ്‌ത്രീയ പരിശോധനയ്‌ക്ക് പൊലീസ്

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (17:52 IST)
മാധ്യമപ്രവ‍ർത്തകൻ കെം എം ബഷീറിനെ വാഹനമിടിച്ച കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച കാറിന്റെ വേഗത കണ്ടെത്താന്‍ ശാസ്‌ത്രീയ പരിശോധന നടത്തും. ഇതിനായി മോട്ടോർ വാഹന വകുപ്പിന്‌ പൊലീസ്‌ കത്ത്‌ നൽകി.

അപകടമുണ്ടാകുന്നതിന് മുമ്പ് കാര്‍ കടന്നു പോയ റോഡുകളിലെ സിസിടിവി കാമറകളില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കും. കവടിയാർ മുതൽ മ്യൂസിയം വരെയുള്ള പൊലീസ്‌, മോട്ടോർ വാഹന വകുപ്പ്‌, സ്വകാര്യസ്ഥാപനങ്ങളുടെ കാമറകളാണ് പരിശോധിക്കുക.

കാമറകളില്‍ നിന്നും ശ്രീറാം സഞ്ചരിച്ച കാറിന്റെ വേഗത മനസിലാക്കാന്‍ കഴിയും. അപകടം നടന്നത് എങ്ങനെ ?, കാര്‍ ഓടിച്ചിരുന്നതാര് ?, എന്നീ കാര്യങ്ങളും അറിയാന്‍ സാധിക്കും. ദൃശ്യങ്ങള്‍ പൊലീസ് കാമറകളില്‍ പതിഞ്ഞില്ലെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാലാണ് മോട്ടോർ വാഹന വകുപ്പിന്റെയും  സ്വകാര്യസ്ഥാപനങ്ങളുടെയും കാമറകള്‍ പരിശോധിക്കാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്.

കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു. ബഷീറിന്‍റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍