ശിവഗിരിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയത് തരംതാഴ്ന്ന പ്രസംഗമെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എഴുതി കൊടുത്തത് നോക്കി വായിക്കുകയായിരുന്നു സോണിയ ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു കൊണ്ട് സോണിയ നടത്തിയ പ്രസംഗത്തില്‍ എസ് എന്‍ ഡി പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗുരുദേവ ദര്‍ശനങ്ങള്‍ ചിലര്‍ രാഷ്‌ട്രീയ ലക്‌ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോണിയയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിനെ കൊന്നത് കോണ്‍ഗ്രസുകാരാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ് എന്‍ ഡി പികാരനായ ആര്‍ ശങ്കറിനെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസാണെന്ന കാര്യം എല്ലാവരും ഓര്‍ക്കണമെന്ന് സോണിയ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു വെള്ളാപ്പള്ളി ഇങ്ങനെ പറഞ്ഞത്.
ശിവഗിരി സമ്മേളനത്തിന് ക്ഷണമില്ലാതിരുന്ന വെള്ളാപ്പള്ളി മഠത്തിന് സമീപം എസ് എന്‍ ഡി പി ഒരുക്കിയ പന്തലിലിരുന്നാണ് തീര്‍ത്ഥാടകരെ കണ്ടത്.