സോളാര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് പിണറായി വിജയൻ നടത്തുന്നത്: ചെന്നിത്തല

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (16:33 IST)
സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ടിന്‍റെ മറവിൽ കോണ്‍ഗ്രസിനെ തകർക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണ്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസ് അന്വേഷിച്ച ജസ്‌റ്റീസ് ശിവരാജൻ കമ്മീഷൻ പരിധികൾ മറികടന്നു. സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. കോണ്‍ഗ്രസിനെ അപമാനിച്ച് ബിജെപിയെ സംരക്ഷിക്കാനാണ് വിവരങ്ങള്‍ സര്‍ക്കാര്‍  പുറത്തുവിട്ടതെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിനെതിരെ വ്യാജ പ്രചരണം നടത്താൻ ഉദ്ദേശിച്ച് കൊണ്ടുള്ളതാണ് പുതിയ ആരോപണങ്ങൾ. പ്രചരിപ്പിക്കുന്ന ഈ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ വ്യക്തമാക്കി.

സോളാർ കമ്മീഷൻ റിപ്പോർട്ട് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് പിണറായി വിജയൻ നടത്തുന്നത്. 32 ക്രിമിനൽ കേസുകളിലെ പ്രതിയായ സരിത നായരുടെ വാക്ക് കേട്ട് കോണ്‍ഗ്രസ് നേതാക്കൾക്ക് എതിരെയെല്ലാം കേസെടുത്ത് ഭയപ്പെടുത്താമെന്ന് സർക്കാർ കരുതരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ആരോപണം ഉന്നയിക്കാൻ സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അന്വേഷണമോ പ്രതികരണങ്ങളോ ഉണ്ടായില്ല. ജനങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും ചെന്നിത്തല ചോദിച്ചു.
Next Article