സോളാർ തട്ടിപ്പ് കേസിലെ ആദ്യ വിധി സർക്കാർ സ്വീകരിച്ച നിലപാട് പൂർണമായും ശരിവെക്കുന്ന തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. താൻ കത്തു കൊടുത്തു എന്നായിരുന്നു ആരോപണം. എന്നാൽ, കത്ത് വ്യാജമാണെന്ന് കോടതി തന്നെ വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. കേസ് അന്വേഷിച്ചവരേയും ഉദ്യോഗസ്ഥരേയും കോടതി അഭിനന്ദിച്ചു. ഇതിലൂടെ കേസ് അന്വേഷണം സുതാര്യമായിരുന്നുവെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധി അംഗീകരിക്കാൻ കഴിയാത്താവരാണ് വീണ്ടും ആരോപണവുമായി വരുന്നത്. അതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. കേസിലെ പരാതിക്കാരനായ ബാബുരാജൻ പറഞ്ഞത് അയാൾ എന്നെ കണ്ടുവെന്നാണ്. എന്നാൽ, ബാബുരാജനെ താൻ കണ്ടിട്ടേയില്ല.പരാതിയുമായി ആഭ്യന്തര മന്ത്രിയെയാണ് വന്നു കണ്ടത്. അപ്പോൾ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഉമ്മൻചാണ്ടി വിശദീകരിച്ചു.
അതേസമയം, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സോളാര്‍ കേസിലെ സരിത എസ് നായര്‍ രംഗത്തെത്തി. സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരും, എംഎല്‍എമാരും ഉള്‍പ്പെട്ടിട്ടുണ്ട്. അഴിമതിയും സാമ്പത്തിക ഇടപാടും നടത്തിയവര്‍ ഇപ്പോഴും അണിയറയിലാണ്. മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ പലതും ചെയ്‌തതെന്നും സരിത വ്യക്തമാക്കി.
സോളാറുമായി ബന്ധപ്പെട്ടു താന്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരാനുണ്ട്. തുറന്നു പറഞ്ഞാല്‍ പലരും പൊതുജീവിതം അവസാനിപ്പിക്കേണ്ടിവരും. സര്‍ക്കാരുമായി ബന്ധമില്ലാതെ സോളാര്‍ പദ്ധതി പ്രഖ്യാപിക്കാനോ കമ്പനിക്ക് പ്രവര്‍ത്തിക്കാനോ സാധിക്കില്ലെന്നും സരിത പറഞ്ഞു.