സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഉമ്മൻചാണ്ടിയുടെ മുൻഗൺമാൻ സലിംരാജ് സോളർ കമ്മിഷനിൽ.
തന്റെ ഫോണിലൂടെ നിരവധി പ്രാവശ്യം ഉമ്മൻചാണ്ടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി സംസാരിച്ചിട്ടുണ്ട്. സരിത തന്നെ വിളിച്ചതിൽ ഭൂരിപക്ഷവും ഉമ്മൻചാണ്ടിയെ ചോദിച്ചുകൊണ്ടുള്ള ഫോൺകോളുകളായിരുന്നുവെന്നും സലിംരാജ് മൊഴി നല്‍കി.
ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്നതിനായി സരിത മിക്കപ്പോഴും വിളിക്കുമായിരുന്നു. യോഗങ്ങളും ചര്‍ച്ചകളും നടക്കുന്ന സമയത്തൊഴിച്ച് എല്ലായിപ്പോഴും ഫോണ്‍ അദ്ദേഹത്തിന് കൈമാറുമായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്. തന്റെ ഫോണില്‍ നിന്നു പോലും സരിത ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും സലിംരാജ് വ്യക്തമാക്കി.
2012 ജൂലൈ മുതൽ 2013 മേയ് വരെ 416 കോളുകൾ അങ്ങോട്ടുമിങ്ങോട്ടുമായി ഉണ്ടായിട്ടുണ്ട്. ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുന്നതിനാണ് സരിത വിളിച്ചിരുന്നത്. കൂടാതെ ക്ലിഫ് ഹൗസിലെ ഫോണ്‍ പോലും സരിത ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ ആരും ചോദിക്കാത്തതിനാലാണ് ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നും സലിംരാജ് മൊഴി നല്‍കി.
ക്ലിഫ് ഹൗസിലെ മറ്റുള്ളവരുടെ ഫോൺ വിളികളെക്കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ജിക്കുമോൻ, ജോപ്പൻ, ആർ.കെ. ബാലകൃഷ്ണൻ, ഡ്രൈവർമാർ എന്നിവരെല്ലാം ഔദ്യോഗിക വസതിയിലെ ഫോണുകൾ ഉപയോഗിക്കാറുണ്ട്. സരിത ഉമ്മന്‍ ചാണ്ടിയെ തിരക്കി വിളിക്കാറുണ്ടായിരുന്നോ എന്ന് അന്നത്തെ ഡിജിപിയായിരുന്ന ടിപി സെൻകുമാറും എഡിജിപി ആയിരുന്ന എ ഹേമചന്ദ്രനും ഔദ്യോഗികമായി ചോദിച്ചിട്ടില്ലെന്നും സലിംരാജ് പറഞ്ഞു.