തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ സമൂഹ മാധ്യമ മേധാവികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ജൂലൈ 2022 (16:47 IST)
തെറ്റായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടാല്‍, അതു തെറ്റാണെന്ന് അറിയിച്ചുകഴിഞ്ഞാല്‍പ്പോലും പിന്‍വലിക്കാതിരിക്കുന്നത് ഒട്ടും ഔചിത്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സമൂഹ മാധ്യമ മേധാവികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമസഹായം ലഭ്യമാക്കി അവരെ ജീവിതത്തിലേക്കു തിരികെയെത്തിക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കുന്ന കൂട്ട് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
തെറ്റായ കാര്യം പോസ്റ്റ് ചെയ്യപ്പെട്ടാല്‍ അതു നിര്‍മാര്‍ജനം ചെയ്യാത്ത അവസ്ഥ സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. കുട്ടികളുടെ കാര്യത്തിലാണ് ഇത് ഏറെയും സംഭവിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആധുനിക സമൂഹ മാധ്യമങ്ങളെല്ലാം ആവശ്യമാണ്. എന്നാല്‍ തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ അതു തെറ്റാണെന്ന് അറിയിച്ചുകഴിഞ്ഞാല്‍പ്പോലും പിന്‍വലിക്കാതിരിക്കുന്നത് ഔചിത്യമല്ല. അതിന് ഇന്റര്‍പോള്‍വരെ ഇടപെടണമെന്ന നിലവരുന്നതു ഗുണകരമായ കാര്യമല്ല. ഇക്കാര്യം ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയുടെ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍